KSDLIVENEWS

Real news for everyone

ജനങ്ങളുടെ യഥാര്‍ഥശബ്ദം’, പ്രതിപക്ഷനേതാവായി 100 നാള്‍; രാഹുലിനെ പുകഴ്ത്തി കോണ്‍ഗ്രസ്

SHARE THIS ON

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി നൂറ് നാള്‍ തികയ്ക്കുന്ന രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. മണിപ്പുര്‍ മുതല്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വരെ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷനേതൃസ്ഥാനത്തിന്റെ നേട്ടങ്ങളെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്സ് പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുന്നത്.

മണിപ്പുരിലെ കലാപങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിപരീതനിലപാടുകളെ നിശിതമായി എതിര്‍ക്കുന്നതിലൂടെ അരികുവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഒപ്പമാണ് താനെന്ന് രാഹുല്‍ വീണ്ടും തെളിയിക്കുകയാണെന്ന് പവന്‍ ഖേര പറഞ്ഞു. മൂന്ന് തവണ രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിച്ചതായും ദുരുതാശ്വാസക്യാമ്പുകളിലെത്തിയ രാഹുല്‍ ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. മാത്രമല്ല മണിപ്പുരിന്റെ അവസ്ഥ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതായും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.


നീറ്റ് പരീക്ഷയില്‍ നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ചും മറ്റ് പ്രവേശനപരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചും പാര്‍ലമെന്റില്‍ രാഹുല്‍ ശബ്ദമുയര്‍ത്തുകയും നടപടികള്‍ക്കായി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തതായും ഖേര പറഞ്ഞു. രാഹുലിന്റെ പ്രതിഷേധ ഇടപെടല്‍ മൂലം 45 സര്‍ക്കാര്‍ പോസ്റ്റുകളിലേക്കുള്ള നേരിട്ടുള്ള നിയമനനടപടി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം അവകാശപ്പെട്ടു. ലോക്കോ പൈലറ്റുമാരുടെ തൊഴില്‍സാഹചര്യം, ട്രെയിന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ രാഹുല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള ബ്രോഡ്കാസ്റ്റ് ബില്ലിനേയും അഗ്നിവീര്‍ പദ്ധതിയേയും വഖഫ് ബില്ലിനേയും രാഹുല്‍ ശക്തിയുക്തം എതിര്‍ത്തതായും ഖേര ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ് ദിവസങ്ങള്‍ രാഹുല്‍ രാജ്യത്തുടനീളം സഞ്ചരിച്ച് കര്‍ഷകരുടേയും തൊഴിലാളികളുടേയും ലോക്കോ പൈലറ്റുമാരുടേയും മാലിന്യനിര്‍മാര്‍ജന തൊഴിലാളികളുടേയും പ്രശ്‌നങ്ങളും വിഷമതകളും കേള്‍ക്കുകയും ആ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ മുന്നിലെത്തിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ യഥാര്‍ഥശബ്ദമായി രാഹുല്‍ മാറിയിരിക്കുകയാണെന്നും ഖേര കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!