ലുലു ഗ്രൂപ്പിന് കേരളത്തില്‍ ഇത്രയും സാധിച്ചത് നിക്ഷേപ സൗഹൃദ നാടായതു കൊണ്ട്: യൂസഫലി

കോരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇൻവെസ്റ്റ് കേരള ഉച്ചകോടിയെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി.
കേരളത്തെ നല്ല രീതിയില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം ഇൻവെസ്റ്റ് കേരള ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപ സംഗമത്തിന്റെ ഭാഗമായ ലുലു ഗ്രൂപ്പിന്റെ പദ്ധതികള്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇൻഡസ്ട്രിയല്‍ നയങ്ങളില്‍ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമത്തെത്തി. സാമൂഹ്യ സൂചികകളിലും മുന്നിലാണ്. അനുകൂലമായ സ്ഥലം, മികച്ച അടിസ്ഥാന സൗകര്യം, കണക്ടിവിറ്റി, പുരോഗമനപരമായ നയങ്ങള്‍, എന്നിവയ്‌ക്കൊപ്പം വൈദഗ്ധ്യമുള്ള യുവ തലമുറയും കേരളത്തിലേക്ക് നിക്ഷേപകരെ അന്വേഷിക്കുന്നു. ഇന്നവേറ്റീവ് ഇൻവെസ്റ്റ്മെന്റിന്റെ ഹബ് ആയി കേരളം മാറിയിട്ടുണ്ട്. സുസ്ഥിരമായ ഭാവിയും ദീർഘ കാല വളർച്ചയും ലക്ഷ്യമിടുന്നവർക്ക് മികച്ച സ്ഥലമാണ് കേരളം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ 5 ലക്ഷം കോടി ഡോളർ സമ്ബദ് വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഈ യാത്രയില്‍ നിർണായകമായ റോളാണ് കേരളത്തിനുള്ളത്. ലുലു ഗ്രൂപ്പ് കേരളത്തിലെ മുഖ്യ നിക്ഷേപകരില്‍ ഒന്നാണെന്നതില്‍ അഭിമാനമുണ്ട്. ഷോപ്പിംഗ് മോളുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, ഹോട്ടലുകള്‍, കണ്‍വെൻഷൻ സെന്ററുകള്‍, ലോജിസ്റ്റിക് പാർക്കുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവയെല്ലാം സംസ്ഥാനത്തു ലുലു ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ15,000 ജീവനക്കാരെ ഉള്‍കൊള്ളുന്ന രണ്ട് ഐ. ടി ടവറുകള്‍ പ്രവർത്തിക്കുന്നു. 25,000 ഐ. ടി ജീവനക്കാരെ ഉള്‍ക്കൊള്ളാനാകുന്ന ഇരട്ട ടവറുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. കളമശ്ശേരിയില്‍ ഫുഡ് സ്റ്റോറേജ് പ്ലാന്റ്റും കോള്‍ഡ് സ്റ്റോറേജും തുടങ്ങാനും പദ്ധതിയുണ്ട്. അധികം താമസിയാതെ തറക്കല്ലിടും. കേരളം നിക്ഷേപ സൗഹൃദമായ സംസ്ഥാനമായത് കൊണ്ട് മാത്രമാണ് ലുലു ഗ്രൂപ്പിന് ഇതൊക്കെ സാധ്യമായത്. എടുത്തു പറയത്തക്ക പരിവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.
ഒരു നിക്ഷേപകൻ എന്ന നിലയില്‍ കേരളത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നു നിസംശയം പറയാനാകും. പാരമ്ബരാഗത വ്യവസായങ്ങള്‍, മെഡിക്കല്‍ ഇൻഡസ്ട്രി, അഗ്രോ പ്രോസസ്സിംഗ്, ലോജിസ്റ്റിക്, ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ്, റോബോട്ടിക്സ്, ടൂറിസം എന്നിവയിലൊക്കെ കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണയ്ക്ക് വി.ഡി സതീശന് അദ്ദേഹം പ്രത്യേകം നന്ദിയും പറഞ്ഞു.

