KSDLIVENEWS

Real news for everyone

അഫാൻ അന്തർമുഖൻ, സമീപവാസികളോടുപോലും സംസാരിച്ചിരുന്നില്ല: ഉറ്റസുഹൃത്ത് സഹോദരൻ; പൊന്നനിയനെയും കൊന്നു

SHARE THIS ON

തിരുവനന്തപുരം: എന്നും ക്ലാസ് കഴിഞ്ഞ് ഫർസാന മടങ്ങിവരുന്ന വഴിയിലൂടെ നേരം വൈകി ദുരന്തവാർത്തയെത്തി. മകൾക്ക് എന്തോ അപകടം പറ്റി എന്ന വാർത്തമാത്രമാണ് വീട്ടുകാർ ആദ്യം അറിഞ്ഞത്. പക്ഷേ, അപ്പോഴേക്കും മാധ്യമങ്ങളിലൂടെ ചുറ്റുവട്ടത്തുള്ളവരെല്ലാം ഫർസാനയുടെ മരണവാർത്ത അറിഞ്ഞിരുന്നു. വീടിനു ചുറ്റമുള്ളവരാരും ആദ്യം ദുരന്തവാർത്ത ഫർസാനയുടെ മാതാവ്‌ ഷീജയെ അറിയിച്ചില്ല.

മകൾക്ക് എന്തുപറ്റി, എന്റെ മകൾ എവിടെയെന്ന് ഷീജ ഇടയ്ക്കിടക്കു ചോദിക്കുന്നുണ്ടായിരുന്നു. രാത്രി ഒൻപതോടെ വീടിനുള്ളിൽനിന്ന് ഷീജയുടെ നിലവിളി കേട്ടു. ‘എന്റെ മകൾ പോയോ ?’ ഇല്ലായെന്നു പറഞ്ഞ് പലരും ആശ്വസിപ്പിച്ചെങ്കിലും വീടിനെ ചുറ്റിയ ജനക്കൂട്ടവും മറ്റുള്ളവരുടെ കണ്ണിലെ ഭീതിയുംകണ്ട് മാതാവ്‌ ഉറപ്പിച്ചു.

നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട ഫർസാന ചുറ്റുവട്ടത്തെ കുട്ടികളുടെ ട്യൂഷൻ ടീച്ചറായിരുന്നു. തിങ്കളാഴ്ച വൈകീട്ടും ട്യൂഷൻ പഠിക്കാൻ കുട്ടികളെത്തി ഫർസാനയെ കാത്തിരുന്നിരുന്നു. പഠനത്തിനു മിടുക്കിയായിരുന്നു ഫർസാനയെന്ന് ഏവരും പറയുന്നു. അഫാനെയും നാട്ടുകാർ ഈ പരിസരത്ത് കണ്ടിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ പലപ്പോഴും അഫാൻ ഇവിടെ വരാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

ഒറ്റപ്പെട്ട വീട്; വാർത്തയിലൂടെ നാട്ടുകാർ കൊലപാതകവിവരമറിഞ്ഞു

തിരുവനന്തപുരം: വീടിന് തൊട്ടടുത്ത് മറ്റു വീടുകൾ ഇല്ലാതിരുന്നതിനാൽ മാധ്യമങ്ങളിലൂടെയാണ് ലത്തീഫിന്റെയും ഷാഹിദയുടെയും മരണവിവരം പുറംലോകമറിഞ്ഞത്. എസ്.എൻ.പുരം ജിസ്‌ന മൻസിലിന് സമീപം വീടുകൾ നന്നേ കുറവാണ്. അഫാന്റെ പിതൃസഹോദരനാണ് ലത്തീഫ്. അഫാന്റെ പിതാവ് വിദേശത്തായതിനാൽ കുടുംബത്തിലെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് ലത്തീഫായിരുന്നു.

ലത്തീഫിന്റെ മൃതദേഹം ഹാളിലെ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു. ഭാര്യ ഷാഹിദയുടേത് രക്തത്തിൽക്കുളിച്ച നിലയിൽ അടുക്കളയിലുമാണ് കണ്ടെത്തിയത്. വൈകീട്ട് അയൽവാസി വീട്ടിൽ കല്യാണം വിളിക്കാനെത്തിയിരുന്നു. ആ സമയം ഇരുവരും സന്തോഷത്തോടെയാണ് കാണപ്പെട്ടത്. ലത്തീഫിന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അധികം പുറത്ത് ഇറങ്ങാറില്ലായിരുന്നു. കൊലപാതകം നടന്ന മറ്റു വീടുകളിലെത്തിയതിനു ശേഷം 11 മണിയോടെയാണ് പോലീസെത്തി വീട് സീൽ ചെയ്തത്. ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷമാകും പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുക.

കൊലപാതകങ്ങൾ മൂന്ന്‌ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ

തിരുവനന്തപുരം: മൂന്ന്‌ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായി അഞ്ചു പേരെ കൊലപ്പെടുത്തിയതിനു ശേഷമാണ് അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിയത്. കൊലപാതകവിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ അമ്പരന്നു. ആരെയൊക്കെ കൊന്നുവെന്നും എവിടെയൊക്കെയാണെന്നുംകൂടി പറഞ്ഞതോടെ പോലീസും കേരളവും ഞെട്ടി.

വെഞ്ഞാറമൂട് പേരുമലയിൽ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട്ട്‌ ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിനു ശേഷമാണ് താൻ വന്നതെന്നുമാണ് അഫാൻ പോലീസിനോടു പറഞ്ഞത്. പിന്നാലെ ആറ്റിങ്ങൽ ഡിവൈ.എസ്.പി.യെ പോലീസുകാർ വിവരമറിയിച്ചു. ഡിവൈ.എസ്.പി. പോലീസ് സ്റ്റേഷനിലേക്കു പാഞ്ഞെത്തി. തുടർന്ന് മൂന്ന് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലേക്കും സന്ദേശങ്ങൾ പാഞ്ഞു. അഫാൻ പറഞ്ഞ വിവരങ്ങൾ സത്യമാണോയെന്നാണ് പോലീസ് ആദ്യം തിരക്കിയത്. അന്വേഷണത്തിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.

പേരുമലയിൽ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ, ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് അഫാന്റെ മുത്തശ്ശി സെൽമ ബീവിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കൊലപ്പെടുത്തിയതും ഇവരെയാണെന്നാണ് കരുതുന്നത്. തുടർന്ന് എസ്.എൻ.പുരത്തുള്ള പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി. തുടർന്ന് സ്വന്തം വീട്ടിലെത്തിയ അഫാൻ, മറ്റു കൊലപാതകങ്ങൾ നടത്തിയെന്നുമാണ് സൂചന.


അഫാൻ അന്തർമുഖൻ

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‌ പരിസരവാസികളുമായി കാര്യമായ ബന്ധമില്ലായിരുന്നു. ആരുമായി അധികം അടുത്തിടപെട്ടിരുന്നില്ല. വെഞ്ഞാറമൂട്-നെടുമങ്ങാട് റോഡിലെ പേരുമല ജങ്ഷനുസമീപം റോഡിൽനിന്ന്‌ പത്ത്‌ മീറ്റർ ഉള്ളിലാണ് കൊലപാതകം നടന്ന സൽമാസ് എന്ന വീട്.

അഫാന്റെ പിതാവ് റഹീം കുടുംബവീടിന് എതിർവശത്ത് പത്തു വർഷം മുൻപാണ് വീടു നിർമിച്ചത്. ഗൾഫിൽ സ്പെയർപാർട്‌സ് കട നടത്തുന്ന റഹീമിന്‌ സാമ്പത്തികപ്രതിസന്ധിയുള്ളതായി നാട്ടുകാർ പറയുന്നു. അഞ്ചു വർഷമായി റഹീം നാട്ടിലെത്തിയിരുന്നില്ല. കുടുംബാംഗങ്ങളുമായും തനിച്ചും അഫാൻ ഇടയ്ക്ക് വിദേശത്തു പോയിരുന്നു. തേമ്പാംമൂട് ജനത ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനുശേഷം ബിരുദപഠനത്തിനു ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല.

സമീപവാസികളോടുപോലും അഫാൻ സംസാരിച്ചിരുന്നില്ല. ഇളയ സഹോദരനുമായി സ്ഥിരമായി പള്ളിയിൽ പോയിരുന്നു. രാത്രി വൈകിയാണ് പലപ്പോഴും വീട്ടിലെത്താറുള്ളത്. പെൺകുട്ടിയെ അഫാൻ വീട്ടിലെത്തിച്ചത് സമീപവാസികൾ അറിഞ്ഞിരുന്നില്ല. എന്നാൽ, നാട്ടിൽ ആരുമായും അഫാൻ യാതൊരുവിധ തർക്കവും ഉണ്ടാക്കിയിട്ടില്ല. കൊലപാതകം നടന്ന വിവരം തൊട്ടടുത്ത വീട്ടുകാർപോലും അറിയുന്നത് തിങ്കളാഴ്ച പോലീസ് സംഘം എത്തിയതിനു ശേഷമാണ്. വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് പോലീസ് അകത്തുകയറിയത്.

പാങ്ങോടിനെ ഭീതിയിലാഴ്ത്തി സൽമാബീവിയുടെ കൊലപാതകം

പാങ്ങോട്: താഴേ പാങ്ങോട് മുസ്‌ലിം പള്ളിക്കു സമീപം എലിച്ചുഴി പുത്തൻവീട്ടിൽ തൊണ്ണൂറ്റിയഞ്ചുകാരിയായ സൽമാബീവിയുടെ കൊലപാതകം പാങ്ങോടെന്ന കൊച്ചുഗ്രാമത്തെ ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മകളാണ് അടുക്കളഭാഗത്ത് സൽമാബീവിയുടെ മൃതദേഹം കണ്ടത്.

മൃതദേഹത്തിനു ചുറ്റും രക്തം കട്ടപിടിച്ചുകിടന്നിരുന്നു. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ആദ്യം വീഴ്ചയിലുണ്ടായ മരണമെന്നാണ് പോലീസ് കരുതിയത്. എന്നാൽ, സൽമാബീവിയുടെ മകന്റെ മകൻ അഫാൻ വെഞ്ഞാറമൂട് പോലീസിൽ കീഴടങ്ങിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സൽമാബീവിയുടെ പതിനൊന്നു മക്കളിൽ ഏറ്റവും ഇളയവനായ റഹീമിന്റെ മകനാണ് അഫാൻ. ഇയാൾ ഇടയ്ക്കിടെ സൽമാബീവിയെ കാണാൻ ഇവിടെയെത്താറുണ്ടായിരുന്നു. കുട്ടിക്കാലത്ത് സൽമാബീവിയാണ് അഫാനെ വളർത്തിയത്. ഏറ്റവും ഇളയമകന്റെ മകനായിരുന്നതിനാൽ സൽമാബീവിക്ക്‌ അഫാനോടു പ്രത്യേക വാത്സല്യവുമായിരുന്നു. അഫാൻ വീട്ടിലെത്തുമ്പോഴെല്ലാം സൽമാബീവി പണവും നൽകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇയാൾ സൽമാബീവിയുടെ വീട്ടിലെത്തിയിരുന്നു. സൽമാബീവിയോട് പ്രതി പണയംവയ്ക്കാൻ ആഭരണവും ചോദിച്ചിരുന്നു. എന്നാൽ അവർ ഇതിനു തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന.

ഇളയസഹോദരൻ അഫ്സാനൊപ്പം, അഫാനെ പരിശോധനകൾക്കായി തിരുവനന്തപുരംമെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചപ്പോൾ
പൊന്നനിയനെ എന്തിന് കൊന്നു?

പത്തുവയസ്സ് വ്യത്യാസമുള്ള അനുജനോട് അഫാന് വളരെ എറെ സ്നേഹമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പള്ളിയിലും മറ്റും പോകുമ്പോൾ സഹോദരനെയും അഫാൻ ബൈക്കിൽ ഒപ്പം കൂട്ടിയിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം സഹോദരനോടൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!