KSDLIVENEWS

Real news for everyone

കൂട്ടിലടഞ്ഞിട്ടും ക്രൗര്യമടങ്ങാതെ പുലി; പുലിക്കുനേരെ അസഭ്യവർഷവുമായി നാട്ടുകാർ

SHARE THIS ON

കൊളത്തൂർ: കൂട്ടിലടഞ്ഞിട്ടും ക്രൗര്യമടങ്ങാതെ പുലി. ഭയത്തിന്റെ പെരുംകാട്ടിൽ തങ്ങളെ വലിച്ചിട്ട പുലിക്കുനേരെ അസഭ്യവർഷവുമായി നാട്ടുകാർ. മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ ചൂരും നേരും വനംവകുപ്പ് നേരിട്ടറിഞ്ഞ 2 മണിക്കൂറുകൾ. രാത്രി 9 മണിയോടെ പുലി കൂട്ടിൽ കുടുങ്ങിയ നിടുവോട്ട് ആവലുങ്കാലിൽ അതിവേഗത്തിലായിരുന്നു വനംവകുപ്പ് നടപടികൾ. കൂട് സ്ഥാപിച്ച് 30 മണിക്കൂർ തികയുന്നതിന് മുൻപുതന്നെ പുലി കയറിയതോടെ ഭയം മാറ്റിവച്ച് ജനങ്ങളും ആശ്വാസത്തിലായി. പുലിയെ കൊണ്ടുപോയി മണിക്കൂറിന് ശേഷവും പ്രദേശത്ത് പച്ചയിറച്ചിയുടെ ഗന്ധമടങ്ങിയ പുലിച്ചൂര് തളംകെട്ടി നിന്നു.സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ അതിവേഗത്തിൽ വിവരം പരന്നതോടെ പുലിയെ കാണാനായി സമീപത്തെ വീടുകളിൽ നിന്ന് കുട്ടികളടക്കമുള്ളവർ സ്ഥലത്തേക്കെത്തി.

അര മണിക്കൂറിനുള്ളിൽ പ്രദേശമാകെ ജനനിബിഡമായി. വനംവകുപ്പ് ജീവനക്കാർ വന്നിറങ്ങിയത് തന്നെ ഈ ജനക്കൂട്ടത്തിന് നടുവിലേക്കായിരുന്നു. ദിവസങ്ങളായി പുലിഭീഷണിയിൽ കഴിയുന്ന ഇവിടെ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ പുലിയെ സ്ഥലത്തുനിന്ന് മാറ്റാനായിരുന്നു ജീവനക്കാരുടെ ശ്രമം. കണ്ണൂരിൽ നിന്ന് വെറ്റിനറി ഡോക്ടറെത്തി പരിശോധന നടത്തിയിട്ട് മാത്രമെ പുലിയെ നീക്കുകയുള്ളു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും കെണിയടങ്ങിയ കൂട് ഇതിനിടെ നാല് വശത്തുനിന്നും മൂടി. വനംവകുപ്പിന്റെ വാഹനത്തിലേക്ക് കൂടെടുത്തു വയ്ക്കാനായി ശ്രമം.

ഇതിനിടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. പുലിയെ കാണമെന്നായിരുന്നു ആവശ്യം. വാഹനത്തിൽ കയറ്റിയതിന് ശേഷം കാണിക്കാമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ പിൻവാങ്ങി. എന്നാൽ കൂട് കയറ്റിയതിന് പിന്നാലെ വാഹനം മുന്നോട്ടെടുക്കാൻ ജീവനക്കാർ ശ്രമിച്ചതോടെ ജനക്കൂട്ടത്തിൽ ഒരു വിഭാഗം വാഹനത്തിന്റെ മുന്നിൽ കയറിയും വശങ്ങളിൽ അടിച്ചും ബഹളം വച്ചു. അതോടെ വാഹനം നിർത്തി ഒരു വശം തുറന്ന് എല്ലാവരെയും പുലിയെ കാണിച്ചു. കൂട്ടിലെ പ്രത്യേക അറയിൽ അപ്പോഴും ഇരയായി കെട്ടിയിട്ട നായയുണ്ടായിരുന്നു.പുലിയെ കണ്ടതോടെ പ്രതിഷേധത്തിന്റെ ചൂട് തണുത്തെങ്കിലും റോഡിലേക്കെത്തുന്നതിനിടെ പലവട്ടം പുലിയടങ്ങിയ വാഹനം ജനക്കൂട്ടം തടഞ്ഞു. ഇനിയും പുലിയുണ്ടെന്നും പിടികൂടണമെന്നുമായിരുന്നു ആവശ്യം.

ഒന്നര മണിക്കൂറിനുള്ളിൽ 10.30 ഓടെ പുലിയുമായി വനംവകുപ്പ് സംഘം പള്ളത്തിങ്കാലിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസിലേക്ക് കുതിച്ചു.ഈ മാസം 5ന് ഇവിടെ അടുത്ത് കൊളത്തൂർ മടന്തക്കോട് പുലിയിറങ്ങി മാളത്തിൽ കുടുങ്ങുകയും പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിരൂക്ഷ പ്രതികരണങ്ങളാണ് അന്ന് വനംവകുപ്പിനെതിരെ ഉയർന്നത്. ആ പ്രദേശത്ത് പിന്നീട് സ്ഥാപിച്ച കൂടാണ് ശനിയാഴ്ച നിടുവോട്ട് ആവലുങ്കാലിലേക്ക് മാറ്റിയത്. വീടുകളിലെ നായയെ ആക്രമിക്കുന്ന രീതി ഇവിടെ പുലി സ്വീകരിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ തൊട്ടടുത്ത് പോലും പുലിയെ കാണുകയും കാൽപാടുകളിൽ നിന്ന് പുലിയെന്ന സംശയം ഉയർന്നതിനെയും തുടർന്ന് ക്യാമറ വച്ച് സ്ഥിരീകരിച്ചതിന് ശേഷമാണ് കൂട് സ്ഥാപിച്ചത്.

നീരൊഴുക്കുള്ള സ്ഥലത്താണ് കൂട് വച്ചത്. പുലിയെ പിടികൂടിയിട്ടുള്ള മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനസാന്ദ്രതയും വീടുകളും കൂടിയ സ്ഥലമാണ് ആവലുങ്കാൽ.എന്നാൽ പ്രദേശത്ത് ഇനിയും പുലികളുണ്ടെന്നും കൂട്ടത്തിലെ ചെറിയ പുലിയെ ആണ് പിടിക്കാനായതെന്നും പ്രദേശവാസികൾ പറയുന്നു. ഇന്നലെയുണ്ടായ ബഹളത്തിലും കൂടെയുണ്ടായിരുന്ന പുലി പിടിക്കപ്പെട്ടതിലും ഭയന്ന് മറ്റ് പുലികൾ സ്ഥലത്ത് നിന്ന് പിൻവാങ്ങുമെന്ന പ്രതീക്ഷയിലാണ് അവർ. ഒരു പുലിയെ പിടിച്ചതുകൊണ്ട് തീരുന്നതല്ല തങ്ങളുടെ പേടിയെന്നും ഒറ്റയ്ക്ക് മുറ്റത്തിറങ്ങാനോ കുട്ടികളെ പുറത്തുവിടാനോ ഇപ്പോഴും ആശങ്കയാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!