KSDLIVENEWS

Real news for everyone

കടുത്ത ചൂട്, വേനൽക്കാല രോഗങ്ങൾക്ക് സാധ്യത; വേണം ജാഗ്രത

SHARE THIS ON

വേനൽക്കാലം തുടങ്ങി കഴിഞ്ഞു. മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയർന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു.

ചൂടുകുരു, ചർമ്മത്തിൽ ചുവപ്പ്

വെയിൽ കൊള്ളുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. കൂടുതൽ നേരം ഉയർന്ന താപനില ശരീരം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അല്ലെങ്കിൽ ദേഹാധ്വാനം വേണ്ടുന്ന പ്രവർത്തികളിൽ വേനൽ സമയത്ത് ഏർപ്പെടുമ്പോൾ അണ് ഈ ലക്ഷണങ്ങൾ കാണുക. പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുതൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചർമ്മ രോഗങ്ങൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്.

പ്രതിരോധം:കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഒരു ചർമ്മ രോഗ വിദഗ്ദ്ധന്റെ സേവനം സ്വീകരിക്കുക.

സൂര്യാഘാതം

വെയിൽ കൂടുതൽ ഉള്ള സമയത്ത് ദേഹാധ്വാനം ചെയ്യുക അല്ലെങ്കിൽ കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

പ്രതിരോധം: പകൽ പതിനൊന്ന് മണി മുതൽ നാലു മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.

വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം

മലപ്പുറം, എറണാകുളം തുടങ്ങി കേരളത്തിലെ പല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങൾ കൂടുതലായി കണ്ടു വരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ പിടിപെടാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നു തന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്. പാകം ചെയ്ത ഭക്ഷണം വൈകാതെ കഴിക്കാൻ ശ്രദ്ധിക്കുക.

പ്രതിരോധം: ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ചിക്കൻ പോക്‌സ്, മീസിൽസ്, മുണ്ടിനീര്

പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ തലവേദന, ശരീരവേദന, ഉമിനീർ ഗ്രന്ഥി വീക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു. മാസ്‌ക് ഉപയോഗിക്കുക, കൈ ശുചിയായി സൂക്ഷിക്കുക.

പ്രതിരോധം: എം. എം. ആർ വാക്‌സിൻ, ചിക്കൻ പോക്‌സ് വാക്‌സീൻ എന്നിവ എടുക്കാവുന്നതാണ്. ഇവ രോഗം വരുന്നത് തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകൾ കഴിക്കുക, പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. ദേഹശുദ്ധി ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

നേത്രരോഗങ്ങൾ

ചെങ്കണ്ണ്, അലർജി, കണ്ണുകളിലെ വരൾച്ച, പോലുള്ള നേത്രരോഗങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ ശ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം. ധാരാളം വെള്ളം കുടിക്കുക, കണ്ണുകൾ വൃത്തിയായി സൂക്ഷിക്കുക.


നിർദ്ദേശങ്ങൾ

1. വെയിലിന്റെ കാഠിന്യം കൂടുതൽ ഉള്ള സമയം വീടിനകത്തു തന്നെ ഇരിക്കുക.

2. ത്വക്ക് രോഗങ്ങൾ തടയാൻ സൺ സ്‌ക്രീൻ, പൗഡറുകൾ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.

3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

4. ധാരാളം വെള്ളം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക.

5. വീട്ടിൽ തന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.

6. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

7. കുടിക്കാൻ തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക.

തയാറാക്കിയത്: ഡോ ധന്യ വി ഉണ്ണികൃഷ്ണൻ, കൺസൾട്ടന്റ് ഫിസിഷ്യൻ, എസ്.യു.ടി. ഹോസ്പിറ്റൽ പട്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!