സൂര്യാഘാതമേറ്റ് മരണം: താപനില 40 ഡിഗ്രി സെൽഷ്യസിൽ, നിസ്സാരമായി കാണരുത്! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടുത്ത ചൂടിൽ ദാഹം ശമിപ്പിക്കാനായി കരിക്കിൻവെള്ളം കുടിക്കുന്ന യുവാവ്. പാലക്കാട് കോട്ടമൈതാനത്തു സമീപം
സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരിക്കുകയാണ്. കാസർകോട് ചീമേനിയിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ച സംഭവം ഏറെ ആശങ്ക പടർത്തുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പിന്തുടരാൻ മടിക്കുകയാണ്. ഇത്തരത്തിലുള്ള അലസത ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകുന്നു. വരണ്ടു ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്നു തടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്തു കുരുക്കൾ, പേശീവലിവ്, ഛർദി, മൂത്രത്തിന്റെ അളവു കുറഞ്ഞു മഞ്ഞ നിറമാകൽ എന്നിവ സൂര്യാതപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങളാകാം. ഇവ കണ്ടാൽ അടിയന്തരമായി ചികിത്സ തേടണം
പകൽച്ചൂട് ദിനംപ്രതി കൂടി വരികയാണ്. വെയിലേറ്റ് ഇലകൾ കൊഴിഞ്ഞ മരച്ചില്ലകൾ തീർത്ത നിഴൽച്ചിത്രത്തിനു സമീപത്തുകൂടി ചൂടിൽ നിന്ന് രക്ഷനേടാൻ കുടചൂടി കടന്നുപോകുന്നയാൾ. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ
മുൻകരുതൽ
∙ ദീർഘനേരം നേരിട്ടു വെയിലേറ്റ് ജോലി ചെയ്യുന്നവർ പ്രവൃത്തി സമയം ക്രമീകരിക്കണം. പകൽ 11 മുതൽ 3 വരെ കഴിയുന്നതും നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണം.
∙ വെയിലത്തു നടക്കുമ്പോൾ കുട, തൊപ്പി, ടവൽ എന്നിവ ഉപയോഗിക്കണം. ചെരിപ്പ് നിർബന്ധമായും ധരിക്കണം.
∙ വെയിലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം.
∙ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതും കയ്യും കാലും മുഖവും ഇടയ്ക്കിടെ ശുദ്ധജലത്തിൽ കഴുകുന്നതും നല്ലതാണ്.
∙ ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
∙ നിർജലീകരണം തടയാൻ ദാഹം ഇല്ലെങ്കിൽ പോലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കണം. പുറത്തുപോകുമ്പോൾ കുടിക്കാൻ വെള്ളം കരുതുന്നതും നല്ലതാണ്. സംഭാരം, ഇളനീര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നതും ആരോഗ്യകരമാണ്. പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കണം. ഐസിന്റെ ശുചിത്വവും പ്രധാനമാണ്.
∙ മദ്യം, ചായ, കാപ്പി, കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
∙ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു നല്ലതാണ്. ശുദ്ധജലത്തിൽ കഴുകി വേണം ഇവ ഉപയോഗിക്കാൻ.
∙ മുറിയിൽ വേണ്ടത്ര വായുസാന്നിധ്യം ഉറപ്പാക്കണം. പകൽ സമയം കഴിയുന്നതും വീട്ടിൽ ചൂടു കുറവുള്ള ഭാഗത്തു കഴിയുന്നതും നല്ലതാണ്.
ചൂട് 40 ഡിഗ്രി സെൽഷ്യസിലേക്ക്
വെള്ളിയാഴ്ച ഈ സീസണിലെയും ഏറ്റവും ഉയർന്ന താപനില 41.2 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത് യവത്‌മാലിൽ (വിദർഭ) ആണ്. ഫെബ്രുവരി 24 നു കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 40.4°c ആയിരുന്നു ഈ വർഷത്തെ ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില. അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും 38-40 ഇടയിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പാലക്കാട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിൽ. മാർച്ച് 9ന് കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2-3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇവിടങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷസ്ഥിതി ഉണ്ടായേക്കാം.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയത്ത് വെള്ളിയാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു.

