KSDLIVENEWS

Real news for everyone

എല്ലാരും തീർന്നോ: ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കിയുള്ള കൊടുംക്രൂരത; കൊച്ചുമക്കളെ പോലും വെറുതെവിട്ടില്ല;ചീനിക്കുഴി കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നത്

SHARE THIS ON

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ സ്വത്തുതർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന ഹമീദിന്റേത് ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടും ക്രൂരത. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞും രക്ഷാപ്രവർത്തനം പോലും നടക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ച കുറ്റകൃത്യമാണ് നടന്നത്. മകനും കുടുംബവും അഗ്നിക്കിരയായതിനു പിന്നാലെ കസ്റ്റഡിയിലായപ്പോൾ പ്രതി ഹമീദ് ഒരു മനസ്താപവുമില്ലാതെ പൊലീസുകാരോട് ചോദിച്ചു: ‘‘എല്ലാരും തീർന്നോ?’’. ഈ ക്രൂരതയുടെ ആഴം തന്നെയാണ് 82 വയസുകാരനായ പ്രതിയുടെ പ്രായം പോലും പരിഗണിക്കാതെ വധശിക്ഷ വിധിക്കുന്നതിലേക്ക് കോടതിയെ നയിച്ചത്. 

മകൻ മുഹമ്മദ് ഫൈസലിനെയും (ഷിബു-45), ഭാര്യ ഷീബയെയും (40), കൊച്ചുമക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവരെയുമാണ് 2022 മാര്‍ച്ച് 19ന് ശനിയാഴ്ച പുലര്‍ച്ചെ പ്രതി ആലിയക്കുന്നേൽ ഹമീദ് മക്കാർ (79) വീടിനു തീയിട്ട് നിഷ്കരുണം കൊലപ്പെടുത്തിയത്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് അവർക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് വീടിനു തീയിട്ടത്. സ്വത്തിനെച്ചൊല്ലി ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവത്തിനു തലേന്ന് വൈകിട്ടും ഹമീദും മുഹമ്മദ് ഫൈസലും വാക്കേറ്റം ഉണ്ടായി. സാധാരണ കിടക്കുന്ന മുറിയിൽ നിന്ന് മാറി വീടിനോട് ചേർന്നു കൂട്ടിച്ചേർത്തു പണിത ചായ്പിലാണ് അന്ന് ഫൈസലും ഭാര്യയും മക്കളും ഉറങ്ങാൻ കിടന്നത്. രാത്രി പന്ത്രണ്ടരയോടെ മകനും ഭാര്യയും രണ്ടു മക്കളും കിടന്നിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ പ്രതി വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടി. പിൻവശത്തെ വാതിൽ വഴി വീടിനു പുറത്തിറങ്ങി. ഫൈസലും കുടുംബവും കിടന്നിരുന്ന ചായ്പിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയുടെ വിടവിലൂടെ മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ പുറത്തേക്കു പടരാതിരിക്കാൻ നനഞ്ഞ തോർത്ത് വച്ചു അടച്ചു. എന്നിട്ടാണ് തീ കൊളുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

മകനും കുടുംബവും താമസിച്ച മുറിക്ക് തീകൊളുത്തിയതിനു പിന്നാലെ ശീതളപാനീയത്തിന്റെ കുപ്പിയിൽ പെട്രോൾ നിറച്ചു മുകളിൽ തുണി തിരുകി വച്ചു ഹമീദ് മുറിയിലേക്ക് എറിഞ്ഞു. അര ലീറ്ററിന്റെ 5 കുപ്പികളിലാണ് ഹമീദ് പെട്രോൾ കരുതിയിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് വേറെയും പെട്രോൾ കുപ്പികൾ പൊലീസ് കണ്ടെത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!