KSDLIVENEWS

Real news for everyone

ഹോര്‍മുസ് അശാന്തം, എണ്ണവില കുതിക്കുന്നു; വീണ്ടും 100 ഡോളറിന് മുകളിൽ

SHARE THIS ON

യുഎസിനും ഇറാനുമിടയില്‍ വെടിനിര്‍ത്തല്‍ തുടരുകയാണെങ്കിലും സമാധാന സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ പിന്നിട്ടു. ഒരുഘട്ടത്തില്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്ന വില താഴുകയായിരുന്നു. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 94.26 ഡോളറായി ഉയര്‍ന്നു.

ഹോര്‍മുസില്‍ കപ്പലുകളെ തടയുമെന്ന് ഇറാനും ഉപരോധം നിലനില്‍ക്കുകയാണെന്ന് യുഎസും പ്രഖ്യാപിച്ചിരിക്കെ വെടിനിര്‍ത്തലിലും സംഘര്‍ഷ സാഹചര്യം മുറുകുകയാണ്. ഇന്നലെ അനുമതിയില്ലാതെ ഹോര്‍മുസില്‍ പ്രവേശിച്ച മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെക്കുകയും രണ്ട് കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ഇറാന്റെ കപ്പല്‍ യുഎസും പിടിച്ചെടുത്തിരുന്നു. ഹോര്‍മുസിലൂടെയുള്ള എണ്ണനീക്കം തടസപ്പെടുമെന്ന സാഹചര്യമാണ് വില വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില യുദ്ധം രൂക്ഷമായ സമയത്ത് 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ഇറാനും യുഎസും വെടിനിര്‍ത്തലിലെത്തുകയും ഹോര്‍മുസ് തുറക്കുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞത്. എന്നാല്‍, ഹോര്‍മുസില്‍ നാവിക ഉപരോധം തുടരാനുള്ള ട്രംപിന്റെ തീരുമാനം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പിന്നാലെ ഇറാന്‍ ഹോര്‍മുസ് അടക്കുകയും ചെയ്തു. ഇന്നലെ വെടിനിര്‍ത്തല്‍ ട്രംപ് നീട്ടിയെങ്കിലും സംഘര്‍ഷ സാഹചര്യത്തിന് അയവുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!