KSDLIVENEWS

Real news for everyone

ചായ കുടിച്ച് നാട് ചൊരിഞ്ഞു, 1.41 കോടി രൂപയുടെ തണൽ; കോഴിക്കോട് എടച്ചേരിയിൽ അഗതി കേന്ദ്രത്തിന് ചായപ്പയറ്റ് തുണയായി

SHARE THIS ON

എടച്ചേരി: ചായകുടിച്ചുകൊണ്ട് കോഴിക്കോട് എടച്ചേരി ‘തണലി’നുമേൽ നാട് ചൊരിഞ്ഞത് കരുതലിന്റെ തണൽ. അഗതികളെ സംരക്ഷിക്കുന്ന കേന്ദ്രമായ ‘തണലി’ന്റെ ദൈനംദിന നടത്തിപ്പിന് പിന്തുണതേടി സംഘടിപ്പിച്ച ‘ചായത്തണൽ’ എന്ന സംഗമത്തിലൂടെ തണലിന് ഒറ്റദിവസം ലഭിച്ചത് 1.41 കോടി രൂപ. സംഘാടകരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ജനം ഒഴുകിയത്.

ഒരു ചായകുടിക്കുക, കഴിയാവുന്ന സഹായം തണലിന് നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. അയ്യായിരത്തോളം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചത്. എന്നാൽ, വൈകീട്ട് മൂന്നുമണിമുതൽ രാത്രി 10 വരെ ഇവിടേക്കെത്തിയത് 18,000 പേർ.

അനാഥരായ രോഗികൾക്ക് അഭയവും ചികിത്സയും ഒരുക്കുന്നതിനായി ‘തണലി’ന് മാസം 25 ലക്ഷം രൂപ ചെലവുണ്ട്. ഈ തുക മാസാമാസം കണ്ടെത്താൻകഴിയാതെ കടബാധ്യതയും പ്രയാസങ്ങളും അനുഭവിക്കുന്നതിനിടയിലാണ് ‘ചായത്തണൽ’ എന്നപേരിൽ ചായപ്പയറ്റ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച മാത്രം റൊക്കം തുകയായി 57.42 ലക്ഷം രൂപ ലഭിച്ചു. 84 ലക്ഷം രൂപ വാഗ്ദാനവും കിട്ടി. ആകെ 1.41 കോടി രൂപ. കടബാധ്യത ഉൾപ്പെടെ ഒരുവർഷം നാലുകോടി രൂപ ആവശ്യമുള്ള ‘തണലി’നെ സംബന്ധിച്ച് ഏറെ ആശ്വാസമായി ഇത്.

സ്ത്രീകൾ ധരിക്കുന്ന ആഭരണമായ നാല് അലുക്കത്തുകൾ സംഭാവനയായി ലഭിച്ചുവെന്നത് ജനം എത്രത്തോളം ഈ പരിപാടിയെ ഏറ്റെടുത്തുവെന്നതിന്റെ നേർസാക്ഷ്യമായി. ആയിരക്കണക്കിനാളുകൾ ഒന്നിച്ച് ചുരുങ്ങിയസമയത്തിനുള്ളിൽ വന്നപ്പോൾ ‘തണലി’ലേക്കുള്ള വഴികളെല്ലാം അടഞ്ഞു. എടച്ചേരിയും പരിസരങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഇതോടെ കുറേപ്പേർ തിരിച്ചുപോയി. ഇവർ ബുധനാഴ്ച ‘തണലി’ലെത്തി സഹായം നൽകി.

13,000 കടന്ന് പഴംപൊരി

ചായക്കൊപ്പം സന്ദർശകർക്ക് ആദ്യം നൽകിയത് പഴംപൊരിയാണ്. വടകരയിൽനിന്നുള്ള ജമീല കാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴപൊരി ഉണ്ടാക്കിയത്. ആദ്യം 150 കിലോ പഴമാണ് വാങ്ങിയത്. ഇത് പെട്ടെന്നുതന്നെ തീർന്നതോടെ വീണ്ടും വീണ്ടും പഴം വാങ്ങേണ്ടിവന്നു. 13,000 പഴംപൊരി ഉണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. ഇവ തീർന്നതോടെ സമൂസ, വട, ബിസ്‌കറ്റ്, കേക്ക്, പഴം എന്നിവയെല്ലാം നൽകി. അവസാനം പലഹാരമൊന്നുമില്ലാതായി. പക്ഷേ, ‘തണലി’നെ സഹായിക്കാനായിമാത്രം വന്നവർക്ക് ഇതൊന്നും പ്രശ്‌നമായില്ല.

അകമ്പടിയായി പാട്ട്

തുടക്കംമുതൽ അവസാനംവരെ ‘ചായത്തണൽ’ സംഗമത്തിന് പാട്ടും അകമ്പടിയായി. പ്രേംകുമാർ വടകര ഇടവേളകളിൽ സംഗീതമഴ പെയ്യിച്ചു. ആവശ്യപ്പെടുന്നവർക്ക് പ്രേംകുമാർ പേന സമ്മാനമായി നൽകി. സൽവാൻ വടകരയും പാട്ടുമായി സന്ദർശകരെ കൈയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!