KSDLIVENEWS

Real news for everyone

തിരക്കഥ നന്നായിട്ടുണ്ട്, ഏത് അന്വേഷണവും നടക്കട്ടെ, പേടിച്ചുപോകുമെന്ന് ആരുംകരുതേണ്ട; റിയാസ്

SHARE THIS ON

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തനിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇഡി ആവശ്യത്തോട് പ്രതികരിച്ച് പി.എ.മുഹമ്മദ് റിയാസ്. ഏത് അന്വേഷണവും നടക്കട്ടെ എന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഇഡിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ റിയാസ് നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്നും പരിഹസിച്ചു.

മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ, മന്ത്രിയായിരുന്ന റിയാസ്, ഭാര്യ വീണ തുടങ്ങിയവർക്കെതിരെ അഴിമതിക്ക് കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ച് നിർദേശം നൽകിയിരിക്കുന്നത്.

സംഭവത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് റിയാസ് പറഞ്ഞു. ‘ഒരു തരത്തിലും ഭയപ്പെടാനില്ല. ഏതൊക്കെ തിരക്കഥവെച്ച് ഏത് ആംഗിളിൽ കൊണ്ടുപോയാലും നിരപരാധികൾ നിരപരാധികളാണ്. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. തിരക്കഥയൊന്നു മോശമില്ല. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ച് കാലങ്ങളായി നടക്കുന്നത്’ റിയാസ് പറഞ്ഞു.

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നല്ല ആത്മവിശ്വാസം ഉണ്ട്. പേടിച്ച് പോയെന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് എടുക്കണോയെന്ന് യുഡിഎഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച കത്ത് പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!