KSDLIVENEWS

Real news for everyone

പൂച്ചക്കട്ടെ കവർച്ച;
മുക്കുപണ്ടമാണെന്നു കരുതി ഡയമണ്ട് ആഭരണങ്ങൾ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു; പൂട്ടിയിട്ട വീട്ടിൽ നിന്ന് കവർന്നത് 50 ലക്ഷത്തിന്റെ സ്വർണവും 50,000 രൂപയും

SHARE THIS ON

പൂച്ചക്കാട്: പൂട്ടിയിട്ട വീട്ടിൽ കവർച്ച; 45 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ഉൾപ്പെടെ 50 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പ്രവാസി പൂച്ചക്കാട് തെക്കേപുറം അരയാൽത്തറയിലെ അബ്ദുൽ മജീദിന്റെ വീട്ടിലാണു കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണവും 50,000 രൂപയുമാണ് കവർന്നത്.

ശനിയാഴ്ച വൈകിട്ട് 6നും ഇന്നലെ ഉച്ചയ്ക്ക് 12നും ഇടയിലാണു കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അബ്ദുൽ മജീദിന്റെ ഭാര്യ കെ.ഹലീമയും ഉമ്മയും മക്കളുമാണു വീട്ടിൽ താമസിക്കുന്നത്. ഇവർ മൂന്നു ദിവസം മുൻപ് ഹജ്ജിനു പോകുന്ന ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ഹലീമ വൈകിട്ടോടെ വീണ്ടും ബന്ധുവീട്ടിലേക്കു പോയി. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണു മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. സമീപത്തെ വീട്ടിലുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ചാണു വാതിൽ പൊളിച്ചത്. ഇത് ഉൾപ്പെടെയുള്ളവ മോഷണം നടന്ന വീട്ടിൽനിന്നു കണ്ടെത്തി.

ഡയമണ്ട് നെക്‌ലേസ്, ഡയമണ്ട് കമ്മൽ എന്നിവ ഉൾപ്പെടെയുള്ള 6 ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണു വീട്ടുമുറ്റത്തു കണ്ടെത്തിയത്. ഇതു മുക്കുപണ്ടമാണെന്നു കരുതി മോഷ്ടാവ് ഉപേക്ഷിച്ചതായിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. 2 മാല, 9 വളകൾ, ഒരു കമ്മൽ, 6 മോതിരം, ഒരു ഡയമണ്ട് ചെയിൻ, ബ്രേസ്‌ലറ്റ് എന്നിവയാണു കവർന്നതെന്നാണു ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതേദിവസം രാത്രി സമീപത്തെ ആളില്ലാത്ത മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.

ബേക്കൽ ഡിവൈഎസ്പി എം.പി.ആസാദ്, സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവം, ഇൻസ്പെക്ടർ എം.കെ.അനിൽകുമാർ, എസ്ഐ അഖിൽ സെബാസ്റ്റ്യൻ എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയാണെന്നും കഴിഞ്ഞദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ സംശയകരമായി രീതിയിൽ ചുറ്റിക്കറങ്ങി നടന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!