ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി കേരളത്തിലേക്ക്; ആംബുലൻസിട്ട് കാർ തടഞ്ഞ് യുവാക്കളെ പൊക്കി ഡാൻസാഫ്

തിരുവനന്തപുരം: ടെക്‌നോപാർക്ക് പരിസരത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ടു യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം ആസൂത്രിതമായ നീക്കത്തിൽ പിടികൂടി. ആക്കുളം കരിമണൽ സ്വദേശി സച്ചു (27), മൺവിള സ്വദേശി അഖിൽ (25) എന്നിവരെയാണ് കോവളം ജങ്ഷനിൽ വെച്ച് പോലീസ് സാഹസികമായി പിടികൂടിയത്. ഏകദേശം നാലുലക്ഷം രൂപ വിലവരുന്ന 115 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള വൻ മയക്കുമരുന്ന് ശേഖരമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
പിടിയിലായവരിൽ നിന്ന് എംഡിഎംഎയ്ക്ക് പുറമെ പതിനായിരത്തിലധികം രൂപ വിലയുള്ള അഞ്ചുഗ്രാം ഹാഷിഷ് ഓയിലും അയ്യായിരം രൂപയോളം വിലവരുന്ന 50 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ കോവളം ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ഒരു ആംബുലൻസ് ഉപയോഗിച്ച് മാർഗതടസ്സമുണ്ടാക്കിയാണ് ഡാൻസാഫ് സംഘം തടഞ്ഞത്. കാറിന് പുറത്തിറങ്ങാൻ ആദ്യം വിസമ്മതിച്ച പ്രതികളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ബി.ആർ. കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലഹരിവേട്ട നടന്നത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് ശേഖരിക്കാനായി നാലുദിവസം മുൻപാണ് ഇവർ കാറിൽ പോയത്. പിടിക്കപ്പെടാതിരിക്കാൻ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിലാണ് ഇവർ ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ടെക്‌നോപാർക്കും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ രണ്ടു വർഷമായി തങ്ങൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതികളെ കോവളം പോലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

