നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം’; അറസ്റ്റ് വാറണ്ടിന് പിന്നാലെ ആവശ്യവുമായി തുർക്കി

അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്കുനേരെ അന്താരാഷ്ട്ര സമുദ്രത്തിൽവെച്ച് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നെതന്യാഹുവിനും ഉന്നത ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരേ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടു.
‘ബെഞ്ചമിൻ നെതന്യാഹു, അഫെക് മോസ്കോവിച്ച് എന്നിവർക്കെതിരേ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഇവരെ പിടികൂടുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് തേടാൻ നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിദേശകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, വംശഹത്യ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, പീഡനം തുടങ്ങിയ കുറ്റങ്ങളിലാണ് വിചാരണ നേരിടുന്നത്. അന്താരാഷ്ട്ര സമുദ്രത്തിൽ ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സന്നദ്ധപ്രവർത്തകർക്കുനേരെയുള്ള ആക്രമണവും അവരെ കസ്റ്റഡിയിലെടുത്തതുമാണ് കുറ്റാരോപണങ്ങൾക്ക് കാരണം’, അകിൻ ഗുർലേക് എക്സിൽ കുറിച്ചു.
മേയ് മാസത്തിൽ 430-ഓളം ആക്ടിവിസ്റ്റുകളുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പലിനെ ഇസ്രയേൽ അന്താരാഷ്ട്ര സമുദ്രത്തിൽവെച്ച് തടഞ്ഞിരുന്നു. ഇത് ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചു. സംഭവത്തിൽ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനകംതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിനിടെയാണ് തുർക്കി, നെതന്യാഹുവിനെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, പീഡനം, ബലമായി തടഞ്ഞുവെക്കൽ, ഗാസയിലേക്ക് മാനുഷിക സഹായം എത്തിച്ചവർക്കുനേരെ നടത്തിയ സായുധാക്രമണം തുടങ്ങി ഗുരുതര കുറ്റങ്ങളാണ് തുർക്കി ഉന്നയിച്ചിരിക്കുന്നത്. ഗാസയിലെ വംശഹത്യയെത്തുടർന്ന് നെതന്യാഹുവിനും 37-ഓളം ഇസ്രയേൽ നേതാക്കൾക്കുമെതിരേ തുർക്കി നേരത്തേതന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

