KSDLIVENEWS

Real news for everyone

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

SHARE THIS ON

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് നിർണായക ഉത്തരവ്. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ ഈ വിഷയത്തിൽ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച പത്രികയ്ക്കൊപ്പം സ്വത്തുവിവരങ്ങൾ വ്യക്തമാക്കിയപ്പോൾ ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടോ എന്ന കാര്യം മുഹമ്മദ് റിയാസ് വിശദീകരിച്ചിരുന്നില്ല. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പത്രികയിൽ വ്യക്തമാക്കാതിരുന്നത്. ഇതിന് പുറമെ സി.എം.ആർ.എല്ലിൽ (CMRL) നിന്ന് ഇവർക്ക് 1.72 കോടി രൂപ ലഭിച്ചതായി വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ കോടികളുടെ വരുമാന കണക്കുകളും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ സാധിക്കുന്നത്.

ഒരു സ്ഥാനാർഥി മത്സരിക്കുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവിവരങ്ങളും നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കോടതി ഇരുവരെയും നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശമെങ്കിലും ഹാജരാകേണ്ട കൃത്യമായ തീയതി കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!