ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാലുപേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുള്ളതായി അധികൃതർ അറിയിച്ചു.
കെയ്റോയിൽനിന്ന് ഏകദേശം 52 കിലോമീറ്റർ തെക്ക് ഗിസ ഗവർണറേറ്റിലെ അൽ-അയ്യാത് ജില്ലയിലാണ് അപകടം നടന്നതെന്ന് ഈജിപ്ത് ഗതാഗത മന്ത്രാലയം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഫയൂം പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ട്രെയിൻ, തെക്കൻ പ്രവിശ്യയായ അസ്വാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ നാല് പേർ മരിച്ചതായും നൂറോളം പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.

