4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; ബിഹാറിൽ എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്ന് വരെ അതിഥികൾ എത്തും

പട്ന: നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ് വിവാഹാഘോഷങ്ങൾക്കായി ഒരുങ്ങുന്നത്. രാഷ്ട്രീയ പ്രമുഖരും ചലച്ചിത്ര താരങ്ങളും ഗായകരുമടക്കം വൻ വിഐപി നിരയാണ് അതിഥികളായെത്തുന്നത്.
നവംബർ 25-നാണ് അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും (അങ്കിത്) തമ്മിലുള്ള വിവാഹം. അന്നുതന്നെയാണ് അനന്തിന്റെ ഇളയ മകൻ അഭിനവിന്റെ ഉപനയനച്ചടങ്ങും നടക്കുന്നത്. വിവാഹപ്പന്തലുകൾ മോടിപിടിപ്പിക്കാൻ ഉത്തർപ്രദേശിലെ മൗവിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് എത്തിയിരിക്കുന്നത്. കുതിരപ്പന്തയത്തിനായി പ്രത്യേക മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുതിരകൾ എത്തിച്ചേരും. കുതിരപ്പന്തയത്തിൽ ഒന്നാമതെത്തുന്നയാൾക്ക് മഹീന്ദ്ര ഥാറും രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് ബൈക്കും സമ്മാനമായി നൽകുമെന്ന് സിങ് വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് പടക്കങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അനന്ത് സിങ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം ക്ഷണിക്കും. കൂടാതെ ബോളിവുഡ് താരം സോനു സൂദ്, ഗായിക മൈഥിലി താക്കൂർ, എംപിയും ഗായകനുമായ മനോജ് തിവാരി, ഭോജ്പുരി താരം പവൻ സിങ്, നടി അക്ഷര സിങ് തുടങ്ങിയവരെയും വിവാഹത്തിന് ക്ഷണിക്കും. ഭോജ്പുരി, മഗഹി, മുംബൈ കലാകാരന്മാർ അണിനിരക്കുന്ന സ്റ്റേജ് ഷോകളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പ്രമുഖരെയെല്ലാം വിവാഹത്തിന് ക്ഷണിക്കുമെന്ന് അനന്ത് പറഞ്ഞു. ‘‘ഞങ്ങൾ എല്ലാവർക്കും ക്ഷണക്കത്ത് അയക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളും ഞങ്ങളുമായി ബന്ധമുള്ള എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. എല്ലാവർക്കും ക്ഷണമുണ്ട്. ഫോൺ നമ്പറുള്ള എല്ലാവരെയും ബന്ധപ്പെടുന്നുണ്ട്. ബിഹാറിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ട്. കല്യാണത്തിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ല. തിരഞ്ഞെടുപ്പിലും വോട്ടുചോദിക്കുമ്പോഴുമാണ് അത്തരം രാഷ്ട്രീയ വേർതിരിവുകൾ വേണ്ടത്. അല്ലാതെ കല്യാണങ്ങളിലും കുടുംബ ചടങ്ങുകളിലുമല്ല’’– അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ ഒക്ടോബറിൽ അനന്ത് സിങ്ങിനേയും ഭാര്യയും മുൻ എംഎൽഎയുമായ നീലം ദേവിയേയും ജെഡിയുവിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. പാർട്ടി നിർദേശങ്ങൾ ലംഘിച്ചു, ഉന്നത നേതൃത്വത്തിനെതിരെ മോശം ഭാഷ പ്രയോഗിച്ചു, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി പാർട്ടിയുടെ ബിഹാർ സംസ്ഥാന അധ്യക്ഷൻ ഉമേഷ് സിങ് കുശ്വാഹയാണ് ഇരുവരേയും പുറത്താക്കിയത്.
ദുലാർ ചന്ദ് യാദവ് വധക്കേസിൽ നിയമനടപടികൾ നേരിടുന്നയാളാണ് അനന്ത് സിങ്. സുപ്രീം കോടതി ഉത്തരവ് മാനിച്ച് ഡിസംബർ ഒന്നിനകം കീഴടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൊകാമയിൽ എതിർ സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയ ദുലാർ ചന്ദ് യാദവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. അനന്ത് സിങ്ങിന് മാർച്ചിലാണ് പട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

