ആറാംമാസത്തിൽ ഭിന്നത പുറത്ത്; ഒറ്റയാനായി മുഖ്യമന്ത്രി, ‘കടിഞ്ഞാണിടാൻ’ മന്ത്രിമാർ

വി.ഡി സതീശൻ സർക്കാർ ആറുമാസം തികയ്ക്കുന്ന ‘ശുഭമുഹൂർത്തത്തിൽ’ തന്നെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കൊമ്പുകോർത്തത്. പി.എസ്.സി അംഗങ്ങളുടെ നിയമനത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ രൂക്ഷമായ തർക്കം അരങ്ങേറിയത്.
പി.എസ്.സിയിൽ നിലവിലുള്ള അഞ്ച് ഒഴിവുകളിലേക്ക് നിയമിക്കുന്നവരുടെ പേരുകൾ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വായിക്കാൻ തുടങ്ങിയതോടെ റവന്യു മന്ത്രി എ.പി. അനിൽകുമാറാണ് എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തിയത്. ഇത് എവിടെ ചർച്ചചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിക്കുള്ളിൽ കൂടിയാലോചന ഇല്ലാതെ അംഗങ്ങളെ നിശ്ചയിച്ചതിലെ എതിർപ്പാണ് അനിൽകുമാർ ഉന്നയിച്ചത്.
പലവിഷയങ്ങളും താനും അറിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫും പറഞ്ഞതോടെ തർക്കം രൂക്ഷമായി. വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട് തന്നെ ഇരുട്ടിൽ നിർത്തിയെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും തുറന്നുപറഞ്ഞ സണ്ണി ജോസഫ് ഇന്ന് അതേ കാര്യം മന്ത്രിസഭാ യോഗത്തിലും ആവർത്തിച്ചു.
പി.എസ്.സിയിൽ അസാധാരണ സാഹചര്യമാണെന്നും ഏത് നിമിഷവും ചെയർമാനും അംഗങ്ങൾക്കുമെതിരെ രാഷ്ട്രപതിയുടെ നടപടി വന്നേക്കാം അതുകൊണ്ടാണ് തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയതായാണ് റിപ്പോർട്ട്. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടി വരുമെന്ന നിലപാടും മുഖ്യമന്ത്രി ഇതിനോടൊപ്പം വ്യക്തമാക്കി. രൂക്ഷമായ തർക്കത്തിനൊടുവിൽ പി.എസ്.സി അംഗങ്ങളായി അഞ്ച് പേരുടെ പേരുകൾ മന്ത്രിസഭ അംഗീകരിച്ചതായാണ് റിപ്പോർട്ട്.
ബോർഡ് കോർപറേഷൻ നിയമനങ്ങളിൽ പരിഗണനാ ലിസ്റ്റിൽ പ്രാതിനിധ്യം കുറഞ്ഞതും നിയമനം വൈകുന്നതിനെയും പരസ്യമായി വിമർശിച്ച മന്ത്രി ഷിബു ബേബി ജോൺ ആ വിഷയവും മന്ത്രിസഭയിലും ഉന്നയിച്ചു.
തർക്കം തുടർന്നപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിശ്ചയിച്ചതിലും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്ന വിമർശനവും എ.പി അനിൽകുമാർ ഉന്നയിച്ചു. തർക്കം അതിലേക്കും തുടർന്നപ്പോൾ മന്ത്രി കെ.മുരളീധരൻ മുഖ്യമന്ത്രിയെ പിന്തുണച്ച് ഇടപെട്ടു. ദേവസ്വം മന്ത്രിയായ തന്നോട് ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. മാതൃഭൂമിയായിരുന്നു പട്ടിക അംഗീകരിച്ച് മന്ത്രിമാർ ഒപ്പിടാത്ത വിഷയം പുറത്തുകൊണ്ടുവന്നത്. തർക്കമുണ്ടായെന്നും എല്ലാം സെറ്റിൽ ചെയ്തിട്ടുണ്ടെന്നും കാബിനറ്റ് യോഗത്തിന് ശേഷം മുരളീധരൻ പറഞ്ഞതോടെ മാതൃഭൂമി റിപ്പോർട്ട് ശരിവെക്കുകയാണ് അദ്ദേഹം ചെയ്തത്.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രന്റെ പേര് തീരുമാനിച്ചത് ബന്ധപ്പെട്ടവരെല്ലാവരുമായി ചർച്ച ചെയ്താണെന്ന് മുഖ്യമന്ത്രി വിമർശനങ്ങൾക്ക് മറുപടി നൽകിയെന്നാണ് റിപ്പോർട്ട്.
ഹിന്ദുമന്ത്രിമാർ എല്ലാവരും ഒപ്പിടാതിരുന്നതോടെയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനം തുലാസിലായത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കത്തിനൊടുവിൽ എല്ലാ ഹിന്ദുമന്ത്രിമാരും ഒപ്പിടാൻ ധാരണയായതോടെ ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് അംഗങ്ങളുടെ നിയമനത്തിന് അംഗീകാരമായി.
കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ എ.പി അനിൽകുമാറാണ് ഇന്നത്തെ വിമർശനങ്ങൾക്ക് തുടക്കമിടുകയും മന്ത്രിസഭാ യോഗത്തിൽ തർക്കത്തിലേക്ക് കാര്യങ്ങൾ വഴിതിരിച്ചുവിട്ടതെന്നതും ശ്രദ്ധേയമാണ്.
സമീപകാലത്തായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുന്നണി യോഗം ചേരാത്തതിനെയും കൂടിയാലോചന ഇല്ലാത്തതിനെയും പരസ്യമായി വിമർശിച്ചിരുന്നു. മുന്നണി ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിച്ചുചേർക്കാൻ തയ്യാറാകാത്തതിലെ അനിഷ്ടവും അടൂർ പ്രകാശിന്റെ വിമർശനങ്ങളിലുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം കണ്ടില്ലേ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ‘താൻ ഒന്നും അറിയുന്നില്ല വൈദ്യുതി വകുപ്പിലെ ചില തീരുമാനങ്ങളിൽ എന്ന് സണ്ണി ജോസഫ് പരസ്യവിമർശനം ഉന്നയിച്ചപ്പോഴായിരുന്നു അടൂർ പ്രകാശിന്റെ പരാമർശം.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായിപോലും മുഖ്യമന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ല എന്ന വിമർശനം പാർട്ടിയിൽ ഉയരുമ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി അടക്കം ആലോചിച്ചാണ് കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നതെന്നും കെപിസിസി അധ്യക്ഷനുമായും കൃത്യമായി ആശയവിനിമയം നടക്കുന്നുണ്ടെന്നുമാണ് വി.ഡി ക്യാമ്പിന്റെ മറുപടി.
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമനമാണ് വി.ഡി സർക്കാരിന്റെ ശോഭയ്ക്ക് ആദ്യം കല്ലുകടിയായത്. മുഖ്യമന്ത്രിയുടെ ഇടപെടലിൽ ആ തീരുമാനം അന്ന് പിൻവലിക്കേണ്ടി വരുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഒറ്റയാനായുള്ള പോക്കിന് ബ്രേക്കിടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കാബിനറ്റ് യോഗം തന്നെ വിമർശനങ്ങൾക്കും തർക്കങ്ങൾക്കും വേദിയാക്കി എതിർചേരി മാറ്റുന്നത്.
ബോർഡ് കോർപറേഷൻ അടക്കം വരാനിരിക്കുന്ന ഒട്ടേറെ നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടുന്നതിന് മുന്നോടിയാണ് ഇപ്പോഴത്തെ വെടിപൊട്ടിക്കലെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.
പാർട്ടി അധ്യക്ഷൻ മന്ത്രിസഭയിലെത്തിയതോടെ ഫലത്തിൽ പാർട്ടി ചലിക്കാത്ത അവസ്ഥയിലുമായി. ഏത് നിമിഷവും പുതിയ അധ്യക്ഷന്റെ പ്രഖ്യാപനമുണ്ടാകാം. അത് ആരെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഭിന്നതയുടെ അടുത്ത തലം രൂപപ്പെടുക.
കോൺഗ്രസിലെ ചേരികളുടെ ബലാബലവും സർക്കാരിന്റെ സുഗമമായ പോക്കും നിർണയിക്കുന്നത് കെപിസിസി അധ്യക്ഷൻ ആരാകും എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും. മിക്കവാറും കഴിഞ്ഞതവണത്തെ പോലെ ഒരു പാക്കേജായി കെപിസിസി അധ്യക്ഷനൊപ്പം വർക്കിങ് പ്രസിഡന്റുമാരേയും പ്രഖ്യാപിച്ചേക്കും.
മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ രണ്ട് പേരും മന്ത്രിമാരായതിനാൽ അവരും മാറി പുതിയ ആളുകളെ നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ വിമർശകനായി മാറിയ മുന്നണി കൺവീനറേയും ഇതിനൊപ്പം മാറ്റണം എന്ന ആവശ്യം വി.ഡി പക്ഷം ഉയർത്തുന്നുണ്ട്. സാമുദായിക സമവാക്യം അടക്കം പാലിച്ചാകും അന്തിമ തീരുമാനം.
മുഖ്യമന്ത്രിയെ തള്ളി വൈദ്യുതി മന്ത്രിയും മന്ത്രി കാണാതെ ഒരു ഫയലും തന്റെ മുമ്പാകെ വരില്ലെന്ന് തിരിച്ച് മുഖ്യമന്ത്രിയും പറയുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ വാക്കുതർക്കമുണ്ടായത്. ഇതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമെവിടെ എന്ന പ്രതിപക്ഷ വിമർശനം പ്രസക്തമാകുന്നു. മുൻകാല കോൺഗ്രസ് സർക്കാരുകളിലെ പോർവിളിയും ഭിന്നതയും വിഴുപ്പലക്കലും സതീശൻ സർക്കാരിലും ആവർത്തിക്കപ്പെടുന്നതിന്റെ സൂചന കൂടിയാണിത്.

