നടിയെ അക്രമിച്ച കേസ് ; പ്രദീപ് കുമാറിനെ ഹോസ്ദുർഗ് കോടതിയിലെത്തിച്ചു, മജിസ്ട്രേറ്റ് എത്തിയത് രാത്രി 10.25-ന്; റിമാൻഡ് ചെയ്തത് 11.05-ന്

കാഞ്ഞങ്ങാട്:സമയം രാത്രി 10 മണി. പോലീസ് ജീപ്പ് ഹൊസ്ദുർഗ് കോടതിയിലേക്ക് കുതിച്ചു. താഴിട്ട് പൂട്ടിയ കോടതിഗേറ്റ് തുറക്കുന്നു. പ്രതിയെയും കൊണ്ട് പോലീസ് സംഘം കോടതി കോമ്പൗണ്ടിലേക്ക്.ഉടൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി. വിനോദിന്റെ വാഹനവുമെത്തി. മിനിറ്റുകൾക്കുള്ളിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) ബി. കരുണാകരൻ വന്നു. ചേംബറിലെത്തിയ മജിസ്ട്രേറ്റിനു മുന്നിൽ പ്രതിയും പോലീസുകാരും പ്രതിയുടെ അഭിഭാഷകനും. മജിസ്ട്രേറ്റിന് മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കുന്നു. ഇതിനിടെ അഭിഭാഷകന്റെ വാദവും.
സമയം 11.05. പ്രതിയെ റിമാൻഡ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റിന്റെ ഉത്തരവ്. 11.10 പ്രതിയുമായി പോലീസ് ജില്ലാ ജയിലിലേക്ക്. 11.20 മജിസ്ട്രേറ്റ് മടങ്ങുന്നു. 11.25 കോടതിഗേറ്റ് അടച്ചു.
അസാധാരണവും ഇതുവരെ നടന്നിട്ടില്ലാത്തതുമായ സംഭവവികാസങ്ങൾക്കാണ് ഹൊസ്ദുർഗ് കോടതി ചൊവ്വാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്.
കെ.ബി. ഗണേഷ്കുമാർ എം.എൽ.എ.യുടെ പി.എ. ആയിരുന്ന പ്രദീപ് കോട്ടത്തലയെയാണ് രാത്രി കോടതിയിലെത്തിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തലയെ ചൊവ്വാഴ്ച പുലർച്ചെ പത്തനാപുരത്തുനിന്നാണ് കാസർകോട് ഇൻസ്പെക്ടർ രാജേഷ്കുമാർ അറസ്റ്റു ചെയ്തത്.
മറ്റൊരു കേസിന്റെ അന്വേഷണത്തിനായി രാജേഷ്കുമാർ കൊല്ലത്തുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഈ സമയംമുതൽ പോലീസ് കരുക്കൾ നീക്കിയിരുന്നു.
ജില്ലാ പോലീസ് മേധാവി ഡി. ശില്പ കാസർകോട് ഇൻസ്പെക്ടർ രാജേഷ്കുമാറിനെ ഈ കേസിന്റെ അന്വേഷണടീമിലുൾപ്പെടുത്തി പ്രദീപിനെ അറസ്റ്റു ചെയ്യാൻ നിർദേശിച്ചു.
പ്രദീപുമായി പോലീസ് സംഘം കാഞ്ഞങ്ങാട് എത്തിയപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. നിലേശ്വരം താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ കോവിഡ് പരിശോധനയും നടത്തിയ ശേഷം പ്രദീപ്കുമാറിനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ച് ബേക്കൽ ഇൻസ്പെക്ടർ എ. അനിൽകുമാറിന് കൈമാറുകയായിരുന്നു.
േകാടതി നടപടികളെല്ലാം കഴിഞ്ഞ് പ്രതിയെ ജയിലിലാക്കി ബേക്കൽ പോലീസ് തിരിച്ചെത്തിയത് അർധരാത്രി കഴിഞ്ഞ് രണ്ടരയോടെയാണ്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം:
കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തലയെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനായി ഇയാളെയും കൂട്ടി പോലീസ് കൊല്ലത്തേക്ക് പോകും. കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച ഫോണിന്റെ ലൊക്കേഷൻ കൊല്ലത്തെ പ്രദേശങ്ങളായിരുന്നു. തിരുനൽവേലിയിലുള്ള ഒരാളുടെ പേരിലായിരുന്നു സിംകാർഡ്. എന്നാൽ സിംകാർഡിന്റെ ഉടമയ്ക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഈ വർഷം ജനുവരി 28-നാണ് ഫോണിൽ ഭീഷണിയുണ്ടായത്. അതിന് നാലുദിവസം മുൻപാണ് പ്രദീപ്കുമാർ കാസർകോട്ടെ ജൂവലറിയിലെത്തിയതും അവിടെ ജോലി ചെയ്യുന്ന വിപിൻലാലിന്റെ അമ്മാവനെ കണ്ട് സംസാരിച്ചതും. പ്രദീപ്കുമാർ ഹോട്ടലിൽ തങ്ങിയതിന്റെ രേഖകളും പോലീസ് ശേഖരിച്ചിരുന്നു. ഈ ഹോട്ടലിലുൾപ്പെടെയെത്തി തെളിവെടുക്കും.
പുലർച്ചെ പത്തനാപുരത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രദീപ്കുമാറിനെ കാഞ്ഞങ്ങാട്ടെത്തിച്ചപ്പോഴേക്കുംചൊവ്വാഴ്ച രാത്രി ഏറെ വൈകിയിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോൾ പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ എതിർത്തു. അതിനിടെ പ്രദീപ്കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ഇതിൽ വാദം കേൾക്കുന്നത് ഈ മാസം 30-ലേക്ക് മാറ്റി.

