KSDLIVENEWS

Real news for everyone

ആനയെ തുരത്താൻ വിദഗ്ദ പരിശീലനം ലഭിച്ച ദൗത്യ സേനയിറങ്ങി

SHARE THIS ON

കാനത്തൂർ: മുളിയാർ, ദേലമ്പാടി പഞ്ചായത്തുകളിൽ നിരന്തരം കൃഷിനാശം വരുത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം ലഭിച്ച സേനയിറങ്ങി. വയനാട്, കണ്ണൂർ ജില്ലകളിൽനിന്നും വന്ന 125 പേരടങ്ങുന്ന സേനയാണ് ജില്ലയിലെ മറ്റ് വനപാലകർക്കും നാട്ടുകാർക്കുമൊപ്പം ദൗത്യത്തിനിറങ്ങിയത്. ആനക്കൂട്ടത്തെ പയസ്വിനിപ്പുഴ കടത്തി കർണാടക ഉൾവനത്തിലെത്തിക്കാനാണ് ലക്ഷ്യം. പലദിവസങ്ങളായി പല മേഖലയിലെത്തിച്ചാണ് അതിർത്തി കടത്തുന്നത്. ഇരിയണ്ണിക്കടുത്ത ചമ്പിലാങ്കൈ, പാണ്ടിക്കടുത്ത ബളവന്തടുക്ക എന്നീ രണ്ടിടങ്ങളിൽനിന്നാണ് ദൗത്യമാരംഭിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം സ്ഥലത്തെത്തിയ ദൗത്യസേനയുടെ ആദ്യ കടമ്പ ആനക്കൂട്ടം നിൽക്കുന്ന സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ ദൗത്യം ആരംഭിച്ച് മണിക്കൂറുകളുടെ കഠിനപ്രയത്നത്തിനുശേഷം ചമ്പിലാങ്കൈയിലുള്ള ആനക്കൂട്ടത്തെ എരിഞ്ഞിപ്പുഴക്കടുത്തെത്തിച്ചു. കടന്നുവന്ന വഴിയിലൂടെ തിരിച്ച് പോകാതെ നോക്കുക എന്ന ഉത്തരവാദിത്വം നാട്ടുകാർ ഏറ്റെടുത്തു. ബളവന്തടുക്കയിൽനിന്നും തുടങ്ങിയ ദൗത്യം ആനക്കൂട്ടത്തെ പാണ്ടി വനത്തിലെത്തിച്ച് വ്യാഴാഴ്ചത്തെ തുരത്തൽ ദൗത്യം അവസാനിപ്പിച്ചു.

രണ്ട് സേനകളെയും സഹായിക്കാൻ പ്രദേശത്തിന്റെ കിടപ്പറിയാവുന്ന 50 സന്നദ്ധ പ്രവർത്തകരും കൂടെയുണ്ട്. ചമ്പിലാങ്കൈയിൽ ആറും ബളവന്തടുക്കയിൽ ഏഴും ആനകളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്. വനംവകുപ്പ് അസി. കൺസർവേറ്റർ വി.രാജനാണ് ദൗത്യത്തിന്റെ ചുമതല. ഡി.എഫ്.ഒ. പി.കെ.അനൂപ്കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.അനിൽകുമാർ, അഷ്റഫ് എന്നിവർ മേൽനോട്ടം വഹിക്കുന്നു. 21 ദിവസത്തെ തീവ്രപദ്ധതിക്കാണ് വനംവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഡിസംബർ 12-ഓടെ ആനക്കൂട്ടത്തെ കർണാടക വനത്തിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!