ഇനി ബിഐഎസ് നിലവാരമുള്ള ഹെൽമറ്റ് നിർബന്ധം , ജൂൺ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഇരുചക്രവാഹന യാത്രികര്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂണ്‍ ഒന്നിനാവും നിബന്ധനകള്‍ നിലവില്‍ വരിക.
നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രണത്തോടെ നിര്‍മിച്ചു വില്പന നടത്തുന്നത് ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. ബിഐഎസ് നിബന്ധനകള്‍ പാലിച്ചുള്ള ഹെല്‍മറ്റുകള്‍ മാത്രമാവും രാജ്യത്ത് വില്‍ക്കാനാവുക.
നിലവാരമുള്ള ഹെല്‍മറ്റുകള്‍ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കുകളേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാവും.ഭാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് രാജ്യത്ത് കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച് റോഡ് സുരക്ഷ കമ്മിറ്റി നിര്‍ദേശിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

