വാക്സിന് വികസന ശ്രമങ്ങളെ അഭിനന്ദിക്കുന്നു;കോവിഡ് വാക്സിൻ കേന്ദ്രങ്ങൾ പ്രധാനമന്ത്രി സന്ദര്ശിച്ചു

ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫാർമ പ്ലാന്റുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം തുടരുന്നു. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്കിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വാക്സിൻ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും കമ്പനി പ്രതിനിധികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കമ്പനിയുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്സിൻ സികോവ്-ഡിയുടെ ആദ്യഘട്ട വാക്സിൻ പരീക്ഷണം പൂർത്തിയായി. രണ്ടാം ഘട്ടം ഓഗസ്തിൽ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.
‘ഡിഎൻഎ അടിസ്ഥാനമാക്കി സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിൻ വിതരണത്തെക്കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദിലെ സൈഡസ് ബയോപാർക്ക് സന്ദർശിച്ചു. അവരുടെ പ്രവർത്തനങ്ങളുടെ പിന്നിലെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വാക്സിൻ വിതരണത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ കമ്പനികൾക്കൊപ്പമുണ്ട്’ പ്രധാനമന്ത്രി സന്ദർശനത്തിന് ശേഷം ട്വീറ്റ് ചെയ്തു.
രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്സിൻ നിർമാണ ഫാർമ പ്ലാന്റുകളായ സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദർ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സൈഡസ് കാഡില ബയോപാർക്കിലെ സന്ദർശനത്തിനുശേഷം ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. കോവിഡിനെതിരെ ഐ.സി.എം.ആറുമായി സഹകരിച്ച് കോവാക്സിൻ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്.

