‘ തദ്ദേശം’ വൻ മുന്നേറ്റമുണ്ടാകുമെന്ന് എൽഡിഎഫ്; നിലനിർത്തുമെന്ന് യുഡിഎഫ്

കാസർഗോഡ് • ജില്ലാ പഞ്ചായത്തും കൂടുതൽ പഞ്ചായത്തുകളും നേടി എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ. നാലരവർഷത്തിനിടയിൽ ജില്ലയിലുണ്ടായ സമാനതയില്ലാത്ത വികസനവും മുന്നണിയിൽ വന്ന മാറ്റവും എൽഡിഎഫ് കുതിപ്പിന് അനുകൂലഘടകമാണ്. കാസർകോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം’ മീറ്റ് ദിപ്രസിൽ സമസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻനായർ അവകാശപ്പെട്ടു. മാറി മാറിയുള്ള ഭരണത്തിൽ മടുത്ത വോട്ടർമാർ തങ്ങളെ തുണക്കുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധനും പറഞ്ഞു.
എൽഡിഎഫ് സർക്കാർ ജില്ലയിൽ നാളിതുവരെയില്ലാത്ത വികസനമാണ് നടപ്പാക്കിയതെന്ന് സതീഷ്‌ചന്ദ്രൻ പറഞ്ഞു. സ്‌കൂളും റോഡും പാലവും ആരോഗ്യ സംവിധാനങ്ങളും വികസിപ്പിക്കാൻ കിഫ്‌ബി വഴി കോടികൾ ചെലവിട്ടു. ദേശീയപാത വികസനം ജില്ലയിൽ നിന്നാണ് തുടങ്ങുന്നത്. മലയോര ഹൈവേ യാഥാർഥ്യമാകുന്നു. ജില്ലാ പഞ്ചായത്തിൽ നിലവിലുള്ള ഡിവിഷനുകൾ നിലനിർത്തുന്നതിനൊപ്പം പിലിക്കോട്, ചിറ്റാരിക്കാൽ, പുത്തിഗെ, ചെങ്കള ഉൾപ്പെടെയുള്ള ഡിവിഷനുകൾ പിടിച്ചെടുക്കും. ഇതുവരെ എൽഡിഎഫ് ഭരിക്കാത്ത പഞ്ചായത്തുകളും ഇത്തവണ ലഭിക്കും. യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളെ പിന്തുണക്കാൻ ആളില്ലാത്തിനാൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിൽ തങ്ങളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. നാല് ബ്ലോക്ക് പഞ്ചായത്തുകൾ നിലനിർത്തുന്നതിനൊപ്പം മറ്റിടങ്ങളിൽ മുന്നേറ്റമുണ്ടാക്കും. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി ഖമറുദീൻ എംഎൽഎ ജയിലിൽ കഴിയുന്നത് യുഡിഎഫിന് തിരിച്ചടിയാകും. സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെയും യുഡിഎഫ്, ബിജെപി കൂട്ടുകെട്ടിനെയും തുറന്നുകാണിക്കും.
വികസനത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി പ്രചാരണ വിഷയമാക്കുമെന്ന് എ ഗോവിന്ദൻനായർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങൾ അംഗീകരിക്കും. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തും. കൂടുതൽ പഞ്ചായത്തുകൾ ലഭിക്കും. വികസനം കേന്ദ്ര ഫണ്ടിന്റെ ബലത്തിലാണെന്ന് എ വേലായുധൻ പറഞ്ഞു. ഭൂമി ഏറ്റെടുത്ത് കൊടുക്കാത്തതിനാലാണ് ദേശീയപാത വികസനം വൈകിയത്. പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. സെക്രട്ടറി കെ വി പത്‌മേഷ് സ്വാഗതം പറഞ്ഞു.

