എല്ലാ സൗകര്യവുമൊരുക്കാം, ബുരാഡിയിലേക്ക് സമരം മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്ക്കാര്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരോട് ബുരാഡിയിലേക്ക് സമരം മാറ്റാൻ അഭ്യർഥനയുമായി വീണ്ടും കേന്ദ്രസർക്കാർ. സമരക്കാർ ഇവിടേക്ക് മാറുകയാണെങ്കിൽ അടുത്ത ദിവസംതന്നെ സമരക്കാർക്ക് മന്ത്രിമാരുടെ ഉന്നത തല സംഘവുമായി കൂടിക്കാഴ്ച നടത്താമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കർഷക സംഘടനകൾക്കയച്ച കത്തിൽ പറഞ്ഞു.
ഡൽഹിയിലെ ശൈത്യവും കോവിഡ് പശ്ചാത്തലവും ചൂണ്ടിക്കാട്ടി കർഷകരോട് ബുരാഡി മൈതാനത്തേക്ക് നീങ്ങാൻ കത്തിൽ ആവശ്യപ്പെടുന്നു. കർഷകർ പ്രധാനപ്പെട്ട രണ്ട് ദേശീയപാതകളിൽ തമ്പടിച്ചിരിക്കുന്നതിനാൽ സാധാരണ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രശ്നങ്ങൾ മൂലം സമരക്കാർക്കായി ബുരാഡി മൈതാനം തയ്യാറാക്കിയിട്ടുണ്ട്. അവിടെ സമരക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ കർഷകർക്ക് സമാധാനപരമായി പ്രതിഷേധ സമരം തുടരാമെന്നും കത്തിൽ പറയുന്നു.
ഡിസംബർ മൂന്നിന് വിശദമായ ചർച്ചയ്ക്ക് കർഷക സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനു മുൻപുതന്നെ ചർച്ച വേണമെന്ന് ചില സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബുരാഡിയിലേയ്ക്ക് കർഷകർ സമരം മാറ്റിയാൽ അടുത്ത ദിവസംതന്നെ വിജ്ഞാൻ ഭവനിൽ മന്ത്രമാരുടെ ഉന്നതതല സമിതിയുമായി കർഷക സംഘടനാ പ്രതിനിധികൾക്ക് ചർച്ച നടത്താം, കത്തിൽ പറയുന്നു.
കർഷകർ ബുരാഡിയിലേക്ക് സമരം മാറ്റണമെന്നും അങ്ങനെയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷ സംഘടനകൾ ഇത് തള്ളി. ഉപാധി വെച്ചുകൊണ്ടുള്ള ചർച്ച തങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കർഷക നേതാക്കൾ പറഞ്ഞു.

