KSDLIVENEWS

Real news for everyone

അവശേഷിക്കുന്ന രണ്ട്‌ കോവിഡ് ബാധിതരെ ഇന്ന്‌ മാറ്റും: ജില്ലാ ആശുപത്രി നാളെ മുതൽ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും

SHARE THIS ON

കാഞ്ഞങ്ങാട്: രണ്ടുമാസം മുൻപ് കോവിഡ് ആസ്പത്രിയാക്കി മാറ്റിയ ജില്ലാ ആസ്പത്രി ചൊവ്വാഴ്ച മുതൽ പൂർവ സ്ഥിതിയിലാകും. രണ്ട്‌ കോവിഡ് ബാധിതർകൂടി ഇവിടെയുണ്ട്. അവരെ തിങ്കളാഴ്ച ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്കോ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കോ മാറ്റും. അതിനുശേഷം അണു നശീകരണം നടത്തും. ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയപ്പോൾ ഇവിടെയുള്ള സൗകര്യങ്ങളെ നീലേശ്വരത്തെയും പൂടങ്കല്ലിലെയും താലൂക്ക് ആസ്പത്രി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക്‌ മാറ്റിയിരുന്നു. അതെല്ലാം പഴയതുപോലെയാകും.

ആനന്ദാശ്രമം പി.എച്ച്.സി.യിലേക്ക്‌ മാറ്റിയ കുട്ടികളുടെ ഒ.പി. വിഭാഗവും കാഞ്ഞങ്ങാട്ടെ ലക്ഷ്മിമേഘാൻ ആസ്പത്രിയിലേക്ക്‌ മാറ്റിയ ഗൈനക്കോളജി വിഭാഗവും ഒരാഴ്ചകൂടി കഴിഞ്ഞേ മാറ്റുകയുള്ളൂവെന്ന് ജില്ലാ ആസ്പത്രി ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരെ കിടത്താൻ സൗകര്യമില്ലാതായതോടെയാണ് ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കാൻ ഇവിടത്തെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കിയത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതിനാൽ കോവിഡ് ബാധിച്ച് അതി ഗുരുതരാവസ്ഥയിൽ പ്രാണവായു നൽകേണ്ടിവന്ന അവസ്ഥയിൽ നിന്ന്‌ മുന്നൂറിലധികം പേരുടെ ജീവൻ രക്ഷിക്കാനായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് പറഞ്ഞു.

ഇപ്പോൾ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. നാലായിരത്തിലേറെപ്പേർ ചികിത്സയിലുണ്ടായിരുന്നിടത്ത് 1000 പേരായി. ഇതിൽ 80 ശതമാനവും വീടുകളിൽ കഴിയുന്നു. ഏറ്റവും ഒടുവിൽ ജില്ലാ ആസ്പത്രിയിൽ 29 കോവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. അവരിൽ ഗുരുതരാവസ്ഥയിൽനിന്ന്‌ മോചനം നേടിയ ഏഴുപേരെ തെക്കിലിലെ ടാറ്റാ ആസ്പത്രിയിലേക്കാണ് മാറ്റിയത്. 11 പേരെ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.

ഉക്കിനടുക്കയിൽ കൂടുതൽ സജ്ജീകരണങ്ങളായി

ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ ഒരേസമയം 50 പേർക്ക് പ്രാണവായു നൽകാവുന്നയത്രയും സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന 11 പേരെ ചികിത്സിക്കാൻ മാത്രമേ ഇവിടെ സൗകര്യമുണ്ടായിരുന്നുള്ളൂ. കൂടുതൽ ഓക്സിജൻ സിലിൻഡറുകളെത്തിച്ചും പൈപ്പുകൾ സ്ഥാപിച്ചും സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തി.

ഗുരുതരമല്ലാത്ത കോവിഡ് ബാധിതർ 100 പേരെ കിടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്

ടാറ്റ ആസ്പത്രിയിൽ പ്രാണവായു വിതരണ സംവിധാനമായില്ല

തെക്കിൽ ടാറ്റ കോവിഡ് ആസ്പത്രിയിൽ ഇതുവരെയായിട്ടും പ്രാണവായുവിതരണ സംവിധാനമായില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അതിന്റെ പണി തുടങ്ങുമെന്നാണ് ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നൽകുന്ന മറുപടി. മൂന്നുമാസം മുൻപാണ് ആസ്പത്രിനിർമാണം പൂർത്തിയാക്കി ടാറ്റ താക്കോൽ കൈമാറിയത്. ഒരുമാസം പിന്നിട്ടപ്പോൾ 40 വിദഗ്ധ ഡോക്ടർമാരുൾപ്പെടെ 191 തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിടുകയും ചെയ്തു.

അഞ്ച്‌ ഡോക്ടർമാരെ നിയമിച്ചു. മറ്റു ജീവനക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല. ഡ്യൂട്ടിയിൽ ക്രമീകരണമേർപ്പെടുത്തി കാസർകോട് ജനറൽ ആസ്പത്രിയിൽനിന്ന്‌ ജീവനക്കാരെ ടാറ്റ ആസ്പത്രിയിലേക്ക്‌ മാറ്റുകയാണ് ചെയ്യുന്നത്. 25-ലേറെ കോവിഡ് ബാധിതർ ഇവിടെ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!