ബിജെപി വഞ്ചിച്ചു ‘ ; ഇത്തവണ പിന്തുണ മമതയ്ക്കെന്ന് ഗൂർഖ ജൻമുക്തി മോർച്ച

കൊല്‍ക്കത്ത: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച (ബിമല്‍ ഗുരങ് വിഭാഗം). തങ്ങളെ വഞ്ചിച്ച ബിജെപിയെ തോല്‍പ്പിക്കുമെന്ന് ജി ജെ എം നേതാവ് റോഷന് ഗിരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2009 മുതല്‍ 2020വരെയുള്ള തങ്ങളുടെ ഒരു ആവശ്യവും ബിജെപി നിറവേറ്റിയില്ലെന്നും വാഗ്ദാനങ്ങള്‍ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ബംഗാളില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കും. മമത വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നും റോഷന് കൂട്ടിച്ചേര്‍ത്തു.
ഗൂര്‍ഖാലാന്റ് വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുന്ന പാര്‍ട്ടിയ്ക്കായിരിക്കും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പിന്തുണയെന്നും റോഷന് വ്യക്തമാക്കി. 294 നിയമസഭ സീറ്റുകളുള്ള ബംഗാളില്‍ 2021ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഇടത് പാര്‍ട്ടികള്‍ ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്.

