KSDLIVENEWS

Real news for everyone

ഭക്ഷണം പാകം ചെയ്യലും ഉറക്കവും ട്രാക്ടറുകളില്‍; എന്തിനും തയ്യാറായിട്ടാണ് വന്നതെന്ന് വനിതാ കര്‍ഷകര്‍

SHARE THIS ON

ന്യൂഡൽഹി: ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും 70 കാരിയായ ഗുർദേവ് കൗർ എന്ന വനിതാ കർഷകയ്ക്ക് വീട്ടിൽ നിന്ന് വിളിവരും. വീട്ടിൽ നിന്ന് ആരോഗ്യസ്ഥിതി അന്വേഷിച്ചാണ് വിളിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ കർഷകരിൽ ഒരാളാണ് ഗുർദേവ്കൗർ. പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും എത്തിയ മറ്റു ആയിരകണക്കിന് കർഷകർക്കൊപ്പം ഡൽഹി സിംഘു അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തമ്പടിച്ചിട്ടുണ്ട് ഗുർദേവ് കൗർ.

അവരെ പോലെ നൂറുകണക്കിന് വനിതാ കർഷകർ കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് നടത്തുന്ന മാർച്ചിൽ അണിനിരന്നിട്ടുണ്ട്.

കാർഷിക മേഖലയെ തകർക്കുന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിന് പിന്നാലെ ഡൽഹിയിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിനൊപ്പം നിൽക്കാൻ രണ്ടു തവണ തനിക്ക് ചിന്തിക്കേണ്ടി വന്നില്ലെന്ന് ഗുർദേവ് കൗർ പറയുന്നു. ‘കഴിഞ്ഞ രണ്ടു മാസങ്ങളായി പഞ്ചാബിൽ തങ്ങൾ മാർച്ചിന്റെ കർമപദ്ധതികൾക്കായി എല്ലാ ദിവസവും കൂടിച്ചേരുമായിരുന്നു. അവസാന ശ്വാസം വരെ പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണ്’ അവർ പറഞ്ഞു.

മറ്റൊരു വനിതാ കർഷക പ്രക്ഷോഭക 65-കാരിയായ അമർജീത് കൗർ പറയുന്നു. ‘കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞങ്ങൾ ട്രാക്ടർ ട്രോളികളിലാണ് അന്തിയുറങ്ങുന്നത്. ഞങ്ങളിൽ ചിലർ കട്ടിലുകൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം എന്നുള്ളതുകൊണ്ട് അതൊന്നും ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന മിക്ക സ്ത്രീകളുടെ അവരുടെ കുടുംബത്തിന്റെ പ്രതിനിധികളാണ്’

സൽവാർ കമീസും ഷാളും ധരിച്ചുള്ള ഈ സ്ത്രീകൾ പകൽ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. ഇരുട്ടായി തുടങ്ങുമ്പോൾ, അന്നത്തെ ഭക്ഷണം തയ്യാറാക്കാൻ അവരുടെ ട്രാക്ടറുകളിലേക്ക് മടങ്ങും. പ്രധാന പ്രതിഷേധ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് തങ്ങളുടെ ട്രാക്ടർ എന്ന് 50 കാരിയായ ചരഞ്ജിത് കൗർ പറഞ്ഞു. ‘ഉച്ചകഴിഞ്ഞ്, ഞങ്ങളുടെ നേതാക്കൾ പ്രസംഗങ്ങൾ നടത്തുകയും നിലവിലെ കാർഷിക നിയമങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. വൈകുന്നേരത്തോടെ, ഞങ്ങൾ ഞങ്ങളുടെ ട്രാക്ടർ ട്രോളികളിലേക്ക് മടങ്ങുന്നു, അത് ഇപ്പോൾ ഞങ്ങളുടെ വീടാണ്’അവർ പറഞ്ഞു.

വനിതാ കർഷകർക്കൊപ്പം ചെറുപ്പക്കാരായ മറ്റു പുരുഷ കർഷകരും ഭക്ഷണം തയ്യാറാക്കാനായി ഇവരെ സഹായിക്കാനായി എത്തും. തുടർന്ന് പ്രക്ഷോഭകർക്ക് വിതരണം ചെയ്യും. ചപ്പാത്തിയും വിവിധയിനം പച്ചക്കറികൾ ഉൾപ്പെടുത്തിയ കറിയുമാണ് പ്രധാന ഭക്ഷണം. ‘ഇഷ്ടം പോലെ ഭക്ഷണം തങ്ങളുടെ പക്കലുണ്ട്. 5-6 മാസത്തേക്കുള്ള ഭക്ഷണവസ്തുക്കളുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. ഡൽഹിയിലേക്ക് തങ്ങൾ പുറപ്പെടാൻ തീരുമാനിച്ചപ്പോൾ ഓരോരുത്തരും ഓരോ വസ്തുക്കൾ സംഭാവന ചെയ്തു. ചിലർ എണ്ണ കൊണ്ടുവന്നു. മറ്റുചിലർ മസാലകളും മറ്റു പലവ്യഞ്ജനങ്ങളും കൊണ്ടുവന്നു. റേഷൻ തീർന്നാൽ വീണ്ടും ഞങ്ങൾ കൊണ്ടുവരും. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രമേ ഇവിടെ നിന്ന് തിരിച്ചുപോകുകയുള്ളൂ’ 62-കാരിയായ ബാൽദേവ് കൗർ പറഞ്ഞു.

ഡൽഹി-ഹരിയാണ അതിർത്തിയിൽ ആയിരക്കണക്കിന് കർഷകരാണ് വെള്ളിയാഴ്ചയോടെ എത്തിചേർന്നിട്ടുള്ളത്. ഡൽഹിയിലേക്ക് കടക്കാൻ ഇവർ അനുമതി ലഭിച്ചിട്ടില്ല. ബാരിക്കേഡുകൾ മറികടന്ന് പലയിടത്തും കർഷകർ മുന്നോട്ട് നീങ്ങിയതോടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. സർക്കാരും പോലീസും അനുവദിച്ച സ്ഥലത്ത് സമരം നടത്തണമെന്ന ആവശ്യം കർഷകർ ഇതിനോടകം തള്ളിയിട്ടുണ്ട്. രാംലീല മൈതാനം സമരകേന്ദ്രമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!