കേരളത്തിലെ കോവിഡ് വ്യാപനം: ആന്റിജന് പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കണമെന്ന് ഐ.എം.എ.

തിരുവനന്തപുരം: 50 ശതമാനം മാത്രം സെൻസിറ്റീവ് ആയ ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർ.ടി.പി.സി.ആർ. നിർബന്ധമാക്കി കൂടുതൽ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാൽ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) അതുപോലെത്തന്നെ ഐസൊലേഷൻ, കോറന്റൈൻ നിബന്ധനകളും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.
കോണ്ടാക്ട് ടെസ്റ്റിംഗ്, സർവൈലൻസ് ടെസ്റ്റിംഗ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊർജ്ജസ്വലമായി വീണ്ടും ചെയ്താൽ മാത്രമേ രോഗബാധിതരെയും രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുകയുള്ളു. അനാവശ്യ സഞ്ചാരങ്ങൾ, ആഘോഷങ്ങൾക്കായി ഒത്തു ചേരൽ എന്നിവയിൽ വരുത്തിയ ഇളവുകൾ പിൻവലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇളവുകൾ നൽകി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവൻ പണയം വച്ചുകൊണ്ടാകരുത് എന്ന് ഐ.എം.എ. ഓർമ്മിപ്പിക്കുന്നു.
കോവിഡുമായി ജീവിക്കാൻ തുടങ്ങിയപ്പോൾ ബ്രേക്ക് ദ ചെയിൻ അനുവർത്തിക്കുന്ന കാര്യത്തിൽ ഒരു അലംഭാവം ജനങ്ങളിൽ ഉണ്ടാകുന്നതായി കാണുന്നു. സ്കൂളുകൾ, കോളേജുകൾ, സിനിമാശാലകൾ, മാളുകൾ, ബാറുകൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കും.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ ദിനംപ്രതി ആയിരത്തിനുമുകളിൽ രോഗികൾ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങൾ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.
വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഐ.എം.എ പറഞ്ഞു. ഇന്നത്തെ നില തുടർന്നാർ ആരോഗ്യ പ്രർത്തകർക്ക് വാക്സിൻ നൽകാൻ തന്നെ മാസങ്ങൾ വേണ്ടിവരും. പൊതുജനങ്ങൾക്കും വാക്സിൻ നൽകേണ്ടതുണ്ടെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ച് ത്വരിതഗതിയിൽ വാക്സിനേഷൻ നടത്തണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു

