KSDLIVENEWS

Real news for everyone

കേരളം 5 വര്‍ഷമായി വര്‍ഗീയ കലാപം നടക്കാത്ത നാട്; യു.പിയിലെ സ്ഥിതി അതാണോ ? -പിണറായി

SHARE THIS ON

തിരുവനന്തപുരം: കേരളത്തെപ്പോലെ സാക്ഷരവും സംസ്കാര സമ്പന്നരായ ജനങ്ങൾ അധിവസിക്കുന്നതുമായ നാട് അരാജകത്വത്തിലാണെന്ന് പറയുന്നവർ ഈ നാടിനെ മനസിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എല്ലാ കാര്യത്തിലും വളരെ പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പങ്ങളാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിൽ വന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വർഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. യു.പിയുടെ സ്ഥിതി അതാണോ ?null

എത്ര വർഗീയ കലാപവും വിദ്വേഷ പ്രവർത്തനങ്ങളും അവിടെ നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് യുപിയിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അടുത്തിടെ ഒരു ഡിഎസ്പിയടക്കം എട്ട് പോലീസുകാരാണ് ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതും യുപിയിലാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ യുപിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 676 ശതമാനംവരെ വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, രാജ്യത്തുതന്നെ ഏറ്റവുംകൂടുതൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതി തുടച്ചു നീക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ സർക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടുത്തെ ബിജെപി എംഎൽഎ ശ്യാം പ്രകാശാണ്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ 2021 ജനുവരിയിൽ പറഞ്ഞു. കേരളത്തിലെ യുവാക്കൾ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോഗി ആദിത്യനാഥിന്റെ മറ്റൊരു കണ്ടെത്തൽ. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ ലോകത്തെവിടെയും തൊഴിൽതേടി പോകുന്നത് അവർക്ക് ലോകത്തെവിടെയും തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളതുകൊണ്ടാണ്. എന്നാൽ കേരളത്തിൽ വരുന്ന അതിഥി തൊഴിലാളികളിൽ 15 ശതമാനം പേരും യുപിയിൽനിന്ന് ഉള്ളവരാണ്. ജോലികിട്ടാതെ നാടുവിടുന്നവരാണോ അവരെല്ലാം ? ഇൻഷുറൻസ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ അവർക്ക് ലഭിക്കുന്നു. അവരോട് ചോദിച്ചാൽ കേരളത്തെപ്പറ്റി മനസിലാക്കാം.

കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ ഒരുകോടി പത്ത് ലക്ഷം കടന്നു. കേരളത്തെക്കാൾ ആറിരട്ടി ജനസംഖ്യയുള്ള യുപിയിൽ ഏകദേശം മൂന്ന് കോടി പരിശോധനകളാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മരണങ്ങൾ തടയുന്നതിൽ യുപി പിന്നാലാണ്. എന്നാൽ മരണ നിരക്ക് പിടിച്ചു നിർത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്.

കേരളത്തിന് കേന്ദ്രത്തിന്റെ പണം മാത്രം മതിയെന്നാണ് യുപി മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ കേരളത്തിന് അർഹമായ നികുതി വരുമാനം പോലും നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം. ജിഎസ്ടി ഏർപ്പെടുത്തിയതിനുശേഷം കേന്ദ്രം ഒരു രൂപ നികുതി പിരിച്ചാൽ 50 പൈസപോലും കേരളത്തിന് ലഭിക്കുന്നില്ല. എന്നാൽ കേരളം പുതിയ വികസന സംസ്കാരം സൃഷ്ടിച്ചു. സ്കൂളുകളും, റോഡുകളും, പാലങ്ങളും, ആശുപത്രികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കിഫ്ബി ധനസഹായത്തോടെ യാഥാർഥ്യമാക്കി. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 2016 – 2020 കാലയളവിൽ മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ യു.പിയെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി പറയുന്നത്. ഏതായാലും കേരളം ആ മാതൃകയല്ല പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!