യുപിയിൽ സെപ്റ്റിക് ടാങ്കില്‍ വീണ് 5 പേര്‍ മരിച്ചു; അപകടം 10 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിൽ സെപ്റ്റിക് ടാങ്കിൽ വീണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
ഫത്തേഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിൽ ടാങ്കിൽ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവർ അപകടത്തിൽ പെട്ടതെന്ന് പോലീസ് അറിയിച്ചു.
സോനു(25), രാം ഖിലാഡി, ഹരിമോഹൻ(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു.
ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അപകടത്തിൽ പെട്ടവരെ ഗ്രാമീണർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

