ബാലശങ്കറിന്റെ വെളിപ്പെടുത്തൽ: രാഷ്ട്രീയ ആയുധമാക്കി മുന്നണികൾ

തിരുവനന്തപുരം:തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- സി.പി.എം. ഡീലുണ്ടെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാകുന്നു. വിഷയം സംസ്ഥാനമാകെ ചർച്ചയാക്കാൻ യു.ഡി.എഫ്. നീക്കംതുടങ്ങി. തങ്ങൾ ഇത്രനാളും പറഞ്ഞത് ആർ.എസ്.എസ്. നേതാവിന്റെ നാവിൽനിന്ന് കേട്ടപ്പോൾ വിശ്വാസമായില്ലേയെന്ന് ചോദിച്ച് സി.പി.എമ്മിനെയും ബി.ജെ.പി.യെയും ഒരുപോലെ ആക്രമിക്കുകയാണ് കോൺഗ്രസ്.
ഇതിനിടെ ബാലശങ്കറെയും അദ്ദേഹമുയർത്തിയ ആരോപണങ്ങളെയും തള്ളി ആർ.എസ്.എസും സി.പി.എമ്മും രംഗത്തെത്തി. വിവാദം കത്തിനിൽക്കെ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബാലശങ്കറും വ്യക്തമാക്കി.
കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ധാരണയാണ് മുൻകാല അനുഭവമെന്നും അതു തുടരുകയാണെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നു. ബി.ജെ.പി.-കോൺഗ്രസ് ധാരണയുടെ ഉദാഹരണമായി സി.പി.എം. ചൂണ്ടിക്കാണിച്ചിരുന്ന പ്രധാന ഉദാഹരണം നേമം സീറ്റിൽ യു.ഡി.എഫിന് കഴിഞ്ഞതവണ കിട്ടിയ കുറഞ്ഞവോട്ടായിരുന്നു. ഇതിന് മറുപടിനൽകാനും ബി.ജെ.പി.യെ പുലിമടയിൽചെന്ന് നേരിടുന്നത് തങ്ങളാണെന്ന പ്രതീതിയുണ്ടാക്കാനുമാണ് കെ. മുരളീധരനെത്തന്നെ കോൺഗ്രസ് ഇപ്രാവശ്യം രംഗത്തിറക്കിയത്.
ബി.ജെ.പി. – സി.പി.എം. ബന്ധം ചർച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷവോട്ടുകൾ ആകർഷിക്കുകയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. വിവാദം ഉയർന്നപ്പോൾത്തന്നെ യു.ഡി.എഫ്. നേതാക്കൾ സുവർണാവസരമായി കണ്ടാണ് വിഷയത്തിൽ ഇടപെടുന്നതും.
പറഞ്ഞത് പറഞ്ഞതുതന്നെ -ബാലശങ്കർ
: സി.പി.എം.-ബി.ജെ.പി. ഡീലുണ്ടെന്നതടക്കമുള്ള വെളിപ്പെടുത്തലുകളിൽ ഉറച്ച് ആർ. ബാലശങ്കർ. പറഞ്ഞത് പറഞ്ഞതുതന്നെയെന്നും ഒരുകാര്യത്തിൽനിന്നും പിന്നാക്കംപോകുന്നില്ലെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. ഞാൻ സ്ഥാനാർഥിയാകാൻ വന്നകാര്യം സംഘകാര്യാലയത്തിൽ പോയി സേതുമാധവൻ ജി., പ്രാന്തപ്രചാരകനോടും പ്രാന്തകാര്യവാഹകിനോടും സംസാരിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് എന്റെ പോക്കറ്റിൽനിന്ന് കൊടുക്കുന്നതല്ല -മുരളീധരൻ
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകളൊന്നും തന്റെ പോക്കറ്റിൽനിന്ന് എടുത്തുകൊടുക്കുന്നതല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ഥാനാർഥിയാകാനുള്ള താത്പര്യം മുരളീധരനോട് പറഞ്ഞിരുന്നെന്ന ബാലശങ്കറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനമെടുക്കുന്നത്. കൂടിയാലോചനയ്ക്ക് വിളിക്കുക എന്നതിനപ്പുറത്ത്, തീരുമാനങ്ങളിൽ കേരളഘടകത്തിന് അധികാരമില്ലെന്നും മുരളീധരൻ പറഞ്ഞു.
‘ഡീൽ’ഉറപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാചകമടി
: സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. ബി.ജെ.പി.യുമായി കൂട്ടുകച്ചവടം ഉറപ്പിച്ചശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മതേതരത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാചകമടിക്കുന്നത്. ഈ വോട്ടുകച്ചവടം സംസ്ഥാനത്തുടനീളമുണ്ട്. സ്വർണക്കടത്ത് കേസ് ആവിയായതും ലാവലിൻ കേസ് അനന്തമായി നീട്ടിവെക്കുന്നതും ഈ കൂട്ടുകെട്ടിന്റെ ഫലമാണ് -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്

