ഉച്ചയ്ക്ക് മകളുടെ പിറന്നാൾ ആഘോഷിച്ചു, വൈകിട്ട് പിഞ്ചുകഴുത്തിൽ കയർ കുരുക്കി ആ അച്ഛൻ

ചെറുവത്തൂർ ∙ ചെറുവത്തൂരിലെ രുകേഷിന്റെയും മക്കളുടെയും മരണം പിറന്നാളാഘോഷത്തിന്റെ മധുരം മായും മുൻപ്. പിലിക്കോട് മടിവയലിലെ വീട്ടിൽ ഉച്ചയ്ക്ക് മകൾ വൈദേഹിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനു ശേഷമാണ് രുകേഷ് മക്കളായ വൈദേഹിയെയും, ശിവനന്ദിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയത്. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞായിരുന്നു യാത്ര. സഹോദരൻ ഉമേഷ് ജോലിക്ക് പോയതിനാൽ ഉച്ചക്ക് പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നില്ല. എന്നാൽ രാത്രിയിൽ പിറന്നാൾ കേക്ക്, ഐസ്ക്രീം തുടങ്ങിയവയുമായി എത്തി കുട്ടികളെ കാത്തിരുന്നു.
രാത്രി വളരെ വൈകിയിട്ടും രുകേഷും മക്കളും തിരിച്ച് എത്താത്തതിനെ തുടർന്ന് ഉമേഷ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പറയുന്നത്. തുടർന്ന് ഭാര്യ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിരുന്നില്ല എന്നറിഞ്ഞതോടെ മറ്റ് ഏതെങ്കിലും ബന്ധുവീട്ടിൽ ഉണ്ടായിരിക്കാമെന്ന് കരുതി സമാധാനിക്കുകയായിരുന്നു. രാവിലെ ഉമേഷ് മടിക്കുന്നിലെ രുകേഷിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം കണ്ടത്.

