വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: 9 ജില്ലകളിലെ വിവരങ്ങള്‍ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒൻപത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങൾ കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടർ പട്ടികയിൽ വൻതോതിൽ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അവകാശപ്പെട്ടു.
വ്യാഴാഴ്ച നൽകിയ വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേർ. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283). മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസർകോട്ടെ ഉദുമയിൽ കുമാരി എന്ന വോട്ടറുടെ കാര്യത്തിൽ വെളിവാക്കപ്പെട്ടതു പോലെ വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് പല തവണ ആവർത്തിക്കപ്പെടുകയും തങ്ങളുടെ പേരിൽ കൂടുതൽ വോട്ടർ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടർമാർ അറിയണമെന്നില്ല. സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രകമം നടത്തിയിരിക്കുന്നത്. അവർ തിരിച്ചറിയൽ കാർഡുകൾ കയ്യടക്കിയിരിക്കുകയാണ്. പിന്നീട് വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുട നീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക സൂക്ഷമായി പരിശോധിക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരിൽ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.


