കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം

ദില്ലി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. പ്രചാരണ രംഗത്തടക്കം മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പോളിംഗ് ബൂത്തുകളിൽ മാസ്കും, സാനിട്ടൈസർ അടക്കമുള്ള സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്നാണ് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് അറിയിച്ചത്. റാലികളിൽ പങ്കെടുക്കുന്ന ഉന്നത നേതാക്കൾ പോലും മാസ്ക് ധരിക്കുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ കിടക്കകളും, വെൻറിലേറ്ററുകളും ഒഴിവില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ബംഗാൾ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കൊവിഡിന്റെ രണ്ടാം തരംഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്

