വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സ്പോക്കൺ ഇംഗ്ലിഷ് പഠനകേന്ദ്രം ഉടമ റിമാൻഡിൽ

കാഞ്ഞങ്ങാട് ∙ ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്പോക്കൺ ഇംഗ്ലിഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) കോടതി റിമാൻഡ് ചെയ്തു. ഇതേ പഠന കേന്ദ്രത്തിൽ അധ്യാപികയായിരുന്ന ദലിത് യുവതിയെ ആണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. 2018 മുതൽ രണ്ടര വർഷക്കാലം തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹ വാഗ്ദാനം നൽകിയെന്നും പിന്നീട് വാഗ്ദാനത്തിൽ നിന്നു പിന്മാറിയെന്നും പരാതിയിലുണ്ട്. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ ജോർജ് ജോസഫ് വർഷങ്ങളായി കാഞ്ഞങ്ങാട് ആണ് താമസം. കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സുനിൽ ആണ് അറസ്റ്റ് ചെയ്തത്. കാസർകോട് ജില്ലാ സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

