KSDLIVENEWS

Real news for everyone

മംഗളൂവിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി; ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി

SHARE THIS ON

മംഗളൂരു: മംഗളൂരുവിൽനിന്ന് ചരക്കുമായി ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. നടുക്കടലിൽ അകപ്പെട്ട ആറ് തൊഴിലാളികളെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. മംഗളൂരുവിൽനിന്ന് ഭക്ഷ്യവസ്തുക്കൾ, പച്ചക്കറി, മണൽ, ഗ്രാനൈറ്റ് തുടങ്ങി 120 ടൺ ചരക്കുമായി പുറപ്പെട്ട സഫീന അൽ മിർസാൻ എന്ന ഉരുവാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് ഗുജറാത്ത് സ്വദേശികളും ഒരു മംഗളൂരു സ്വദേശിയുമാണ് ഇതിലുണ്ടായിരുന്നത്.

മംഗളൂരുവിൽനിന്ന്‌ 40 നോട്ടിക്കൽ മൈലും കാസർകോടുനിന്ന് 30 നോട്ടിക്കൽ മൈലും അകലെ അറബിക്കടലിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.

എൻജിൻ മുറിയിൽ വെള്ളംകയറിയാണ് ഉരു മുങ്ങിയത്. കോസ്റ്റ്ഗാർഡ് വിമാനം നടത്തിയ തിരച്ചിലിൽ മുങ്ങിയ ഉരുവിന്റെ അവശിഷ്ടങ്ങളിൽ പിടിച്ച് കടലിൽ ഒഴുകിനടക്കുകയായിരുന്ന ആറ് തൊഴിലാളികളെ കണ്ടെത്തി.

വിമാനത്തിൽനിന്ന് രക്ഷാബോട്ട് കടലിലേക്ക് ഇറക്കിക്കൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിനുപിന്നാലെ രക്ഷാദൗത്യം ഏറ്റെടുത്ത കോസ്റ്റ്ഗാർഡ് ബോട്ട് ഒരു മണിക്കൂറിനകം എത്തി തൊഴിലാളികളെ കരയ്ക്കെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!