കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യനാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരിത്തുമെന്നാണ് പ്രതീക്ഷയെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
എന്താണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സഭയാണ് വ്യക്തമാക്കേണ്ടത്. ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമാണ്. കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താൽപ്പര്യം കാരണമോ ആവാം ഇത്.
യു.ഡി.എഫിന് വേണ്ടി എന്തിന് സഭ സംസാരിക്കണം എന്നാണ് തന്റെ ചോദ്യം. കൊല്ലം ജില്ലയിലെ ചരിത്രത്തിൽ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടൽ നടത്തിയിട്ടില്ല. ഒരുപാട് വിശ്വാസികളും തന്നെ വിളിക്കുന്നുണ്ട്. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. സഭ ഈ നിലപാട് പുനഃപരിശോധിക്കും എന്നാണ് വിശ്വാസം.
ഗവൺമെന്റ് ചെയ്യുന്ന തെറ്റായ കാര്യങ്ങളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരിൽ പ്രചാരവേല നടത്തുന്നത് ധാർമികമായി ശരിയാണോ എന്ന് അതിറക്കിവർ തന്നെ പരിശോധിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീൻ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമാണം നടത്തിക്കഴിഞ്ഞുവെന്ന് ഇടലേഖനത്തിൽ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് മാത്രമുണ്ടായിരുന്ന ഭവന പദ്ധതി ലൈഫിൽ ഉൾപ്പെടുത്തിയതോടെ ആനുകൂല്യങ്ങൾ ഇല്ലാതായെന്നും ഇടയലേഖനത്തിൽ ആരോപിക്കുന്നു. മത്സ്യ ഓഡിനൻസും ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങളുടെ പ്രധാന കാതൽ. കേന്ദ്ര സർക്കാരിനെയും ഇടയലേഖനം വിമർശിക്കുന്നുണ്ട്.

