KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ആദ്യം; 18+ വാക്‌സിനേഷന്‍ ആരംഭിച്ച് അപ്പോളോ അഡ്ലക്‌സ് | Kochi Beats

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ സ്വകാര്യ മേഖലയിൽ ലഭ്യമായിത്തുടങ്ങി. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയാണ് കേരളത്തിൽ ആദ്യമായി 18+ കാറ്റഗറിയിൽ ഉള്ളവർക്ക് വാക്സിൻ എത്തിച്ചിരിക്കുന്നത്.

ഇന്നാരംഭിച്ച വാക്സിനേഷന്റെ ഉദ്ഘാടനം അങ്കമാലി എംഎൽഎ റോജി എം. ജോണും എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും ചേർന്ന് നിർവഹിച്ചു. റോജി എം. ജോൺ എംഎൽഎ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിനേഷന്റെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് പിന്തുണ നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് ആവുമെന്ന് എംഎൽഎ പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് അപ്പോളോ എത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു, ഉമംഗ്, കോവിൻ ആപ്പുകൾ വഴി വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. 1250 രൂപയാണ് ഒരു ഡോസ് വാക്സിന് ആശുപത്രി ഈടാക്കുന്നത്. പ്രതിദിനം 200 പേർക്ക് വാക്സിൻ നൽകും.

നിലവിൽ ഓപ്പൺ ചെയ്ത 1000 ഡോസുകൾക്കുമുള്ള രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സ്ലോട്ടുകൾ ഓപ്പണാകും. അപ്പോളോ ഗ്രൂപ്പ് ഇന്ത്യയിലൊട്ടാകെയുള്ള തങ്ങളുടെ ആശുപത്രി ശ്യംഖലയ്ക്കായി നിലവിൽ അമ്പതിനായിരം ഡോസുകൾ വാങ്ങിയിട്ടുണ്ടെന്നും അതിൽ 5000 ഡോസുകളാണ് അങ്കമാലിയിലെ അപ്പോളോ അഡ്ലക്സിന് നൽകിയിരിക്കുന്നതെന്നും സിഇഒ പി. നീലകണ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!