കോവിഡ് രണ്ടാം തരംഗം; ഏഴുദിവസത്തിനുളളില്‍ കര്‍ണാടകയില്‍ മരിച്ചത് 3500 പേര്

ബെഗംളുരു: മെയ് ഏഴിനും പതിമൂന്നിനും ഇടയിൽ കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,500 പേർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം മരണസംഖ്യ ഇത്രയധികം ഉയരുന്നത് ആദ്യമായാണ്.
കോവിഡ് വ്യാപനത്തിന്റെ ആദ്യതരംഗം ഉച്ചസ്ഥായിയിൽ എത്തിയ 2020 ഓഗസ്റ്റിൽ സംസ്ഥാനത്ത് 3388 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഈ വർഷം മെയ് മാസത്തിൽ മാത്രം ഇവിടെ മരിച്ചത് അയ്യായിരം പേരാണ്. അതിൽ 2700 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബെംഗളുരുവിലാണ്. സംസ്ഥാനത്തെ പ്രതിദിന ശരാശരി മരണനിരക്ക് 400 ആയി ഉയർന്നിരിക്കുകയാണ്. ബെംഗളുരുവിലേത് 211ഉം.
മെയ് ഒന്നുമുതൽ ആറുവരെ 1689 മരണവും മെയ് ഏഴുമുതൽ 13 വരെ 3500 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
പ്രതിദിന കോവിഡ് കേസുകൾ പരിശോധിക്കുകയാണെങ്കിൽ മെയ് ആദ്യവാരം 2.6 ലക്ഷത്തോളം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മെയ് 7-13 നിടയിൽ 2.9 ലക്ഷം കേസുകളാണ്.
ഏപ്രിൽ അവസാനവാരത്തിൽ രോഗം സ്ഥിരീകരിച്ചവരാണ് മെയിൽ മരണപ്പെട്ടത്. മെയിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ മരണസംഖ്യ ഇനിവരുന്ന ആഴ്ചകളിൽ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രണ്ടാംതരംഗത്തിൽ കേസുകളിലുണ്ടായ അപ്രതീക്ഷിത വർധനവ് ആശുപത്രിക്കിടകളുടെയും ഓക്സിജൻ വിതരണത്തിലും വെല്ലുവിളി ഉയർത്തിയെന്നും ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
18-44 വയസ്സുവരെയുളളവർക്കായുളള വാക്സിൻ വെള്ളിയാഴ്ച മുതൽ കർണാടക സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. വാക്സിൻ ക്ഷാമം നേരിടുന്നില്ലെന്നും വാക്സിൻ വരുന്ന മുറയ്ക്ക് എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു.


