KSDLIVENEWS

Real news for everyone

സിപിഎമ്മിന് 12 മന്ത്രിമാര്‍: എല്ലാവരും പുതുമുഖങ്ങളാകുമോ? ശൈലജയുടെ കാര്യത്തില്‍ ചര്‍ച്ച

SHARE THIS ON

കോഴിക്കോട്: സിപിഎമ്മിൽ മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രിമാർ ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാർ സിപിഎമ്മിൽ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയിൽ കൂടുതൽ പാർട്ടികൾ ഉള്ളതിനാൽ എംഎൽഎമാർ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ സിപിഎം തത്വത്തിൽ ധാരണയിലെത്തിയതായാണ് വിവരം.
പിണറായി ഒഴികെ മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ തുടരുകയും ബാക്കി പുതുമുഖങ്ങൾ വരിക എന്നീ രണ്ട് ഫോർമുലകളാണ് ചർച്ചയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കേരളത്തിൽ രൂക്ഷമായിരിക്കേ ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായി തുടരാനാണ് എല്ലാ സാധ്യതയും. നിലവിലെ മന്ത്രിമാരിൽ ഒരാളെങ്കിലും തുടരുകയാണെങ്കിൽ അത് ശൈലജ ടീച്ചറാകും.
എ.സി. മൊയ്തീൻ മന്ത്രിസഭയിലുണ്ടാകുന്നില്ലെങ്കിൽ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരെ പരിഗണിച്ചേക്കും. യുവജന സംഘടനാ പ്രാതിനിധ്യവും ഇവർക്ക് അനുകൂല ഘടകമാണ്.
എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടാൽ നിലവിലെ മന്ത്രി കെ.കെ. ശൈലജയുടെ റോൾ എന്താകും എന്നതാണ് സസ്പെൻസ്. ഇത്തവണ ഒരു വനിതയെ സ്പീക്കറാക്കാനുള്ള സാധ്യതയും ഉയർന്നുകേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ശൈലജ ടീച്ചറെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം.
വനിതകളിൽ വീണാ ജോർജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. ശൈലജ മന്ത്രിയായി തുടർന്നാൽ വീണാ ജോർജാകും സ്പീക്കർ. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.
മന്ത്രിമാരായി വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കാണ് സാധ്യത കൂടുതൽ. കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.
സ്പീക്കർ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാൽ വനിതകളിൽ ഒരാൾ മാത്രം മന്ത്രിയാകാനാണ് സാധ്യത കൂടുതൽ. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകൾ വേണമെന്ന് തീരുമാനിച്ചാൽ കാനത്തിൽ ജമീലയ്ക്ക് സാധ്യത തെളിയും. പാലക്കാട് ജില്ലാ പ്രാതിനിധ്യവും ചെറുപ്പവും എം.ബി രാജേഷിന് തുണയാകുമ്പോൾ സീനിയോറിറ്റി കണക്കിലെടുത്താൻ മമ്മിക്കുട്ടിക്ക് നറുക്ക് വീണേക്കാം.
ഇത്തവണ കേരള കോൺഗ്രസും എൽജെഡിയും പുതുതായി മുന്നണിയിലെത്തി. ഇതിൽ അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. രണ്ട് മന്ത്രിസ്ഥാനത്തിന് അവർ സമ്മർദം തുടരുന്നു. അതിനുള്ള സാധ്യത ഇല്ലെന്ന് സിപിഎം ആദ്യറൗണ്ട് ചർച്ചയിൽ തന്നെ അറിയിച്ചിരുന്നു. രണ്ടാം മന്ത്രി ഇല്ലെങ്കിൽ ചീഫ് വിപ്പ് പദവി അവർ ആവശ്യപ്പെടുന്നുണ്ട്.
സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും സിപിഐയിൽ നിന്നാകും. ഒറ്റ എംഎൽഎമാർ വീതമുള്ള അഞ്ച് കക്ഷികളുണ്ട്. ഇതിൽ ആരെയൊക്കെ മന്ത്രിസഭയിൽ എടുക്കണം എന്ന് പാർട്ടി നേതാക്കളുമായി സിപിഎം ഇന്നും നാളെയുമായി നടത്തുന്ന ചർച്ചകളിൽ തീരുമാനം അറിയിക്കും. ഇതിൽ നിലവിലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ അവസരമുണ്ടാകില്ല.
എന്നാൽ കഴിഞ്ഞ തവണ മാറ്റിനിർത്തിയ കെ.ബി ഗണേഷ്കുമാറിന് ഇത്തവണ അവസരം കിട്ടിയേക്കും. അങ്ങനെയെങ്കിൽ ഗതാഗത വകുപ്പ് തന്നെ നൽകാനാണ് സാധ്യത. ഒരംഗമുള്ള എൽജെഡിയും മന്ത്രിസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നീ കക്ഷികൾക്കും മന്ത്രിസ്ഥാനം കിട്ടിയേക്കും.
ഈ രണ്ട് കക്ഷികൾക്കുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാനുള്ള ധാരണയ്ക്കും ചർച്ചനടക്കുന്നുണ്ട്. അല്ലെങ്കിൽ ആന്റണി രാജു മന്ത്രിയും ഐഎൻഎൽ പ്രതിനിധി അഹമ്മദ് ദേവർകോവിൽ ചീഫ് വിപ്പുമായേക്കാം. രണ്ടരവർഷം വീതംവെക്കുകയാണെങ്കിൽ ആന്റണി രാജുവിനാകും ആദ്യം ടേം ലഭിക്കുക. അങ്ങനെയെങ്കിൽ ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!