പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സ്റ്റേഡിയം തന്നെ, ആളുകളുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളുകളെ കുറക്കാൻ തീരുമാനമായത്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിന്റെ വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെയാകും. ചടങ്ങിൽ എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകും.
കോവിഡ് പ്രതിരോധത്തിനായി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വെർച്വൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും ഇനി തീരുമാനം. ഇരുപതിന് വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

