ശൈലജ ഒഴികെ സി.പി.എമ്മില്‍നിന്ന് എല്ലാവരും പുതുമുഖങ്ങള്‍; സാധ്യത ഇങ്ങനെ

കോഴിക്കോട്: സി.പി.എമ്മിൽ മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രിമാർ ആരൊക്കെയെന്ന് നിശ്ചയിക്കുന്നതിനുള്ള അവസാന ഘട്ട ചർച്ചകൾ എ.കെ.ജി. സെന്ററിൽ നടക്കുന്നു. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാർ സി.പി.എമ്മിൽ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയിൽ കൂടുതൽ പാർട്ടികൾ ഉള്ളതിനാൽ എം.എൽ.എമാർ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം സി.പി.എം. വിട്ടുകൊടുക്കും. പിണറായിയും ശൈലജയും ഒഴികെ മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളാകും എന്നാണ് ഒടുവിലത്തെ സൂചനകൾ.
സ്പീക്കറായി വനിതയെ നിശ്ചയിച്ചാൽ കെ.കെ ശൈലജ അല്ലെങ്കിൽ വീണ ജോർജ് ഇവരിൽ ഒരാൾ പദവിയിലെത്തും. ശൈലജയെ മന്ത്രിസഭയിൽ നിലനിർത്താനാണ് എല്ലാ സാധ്യതയും അങ്ങനെയെങ്കിൽ വനിതാ സ്പീക്കർ എങ്കിൽ അത് വീണ ജോർജിനാണ് എല്ലാ സാധ്യതയു
എ.സി. മൊയ്തീൻ മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യത കുറഞ്ഞതിനാൽ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരെയാണ് പരിഗണിക്കുന്നത് യുവജന സംഘടനാ പ്രാതിനിധ്യവും ഇവർക്ക് അനുകൂല ഘടകമാണ്.
ആലപ്പുഴയിൽ നിന്ന് സജി ചെറിയാനോ ചിത്തരഞ്ജനോ വന്നേക്കും. കൊല്ലത്ത് നിന്ന് ബാലഗോപാലിനാണ് സാധ്യത. തിരുവനന്തപുരത്ത് നിന്ന് ശിവൻ കുട്ടിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ആന്റണി രാജു കൂടി മന്ത്രിയാകുന്നതോടെ കടകംപള്ളി സുരേന്ദ്രനും വഴിയടയും. പത്തനംതിട്ടയിൽ വീണാ ജോർജിന് മാത്രമാണ് സാധ്യത. എറണാകുളത്ത് നിന്ന് പി.രാജീവ്, പാലക്കാട് നിന്ന് എം.ബി.രാജേഷോ മമ്മിക്കുട്ടിയോ എത്തും. കോഴിക്കോട് നിന്ന് കാനത്തിൽ ജമീലക്കാണ് സാധ്യത. തൃശൂരിൽ നിന്ന് കെ.രാധാകൃഷ്ണനും മറ്റൊരു മന്ത്രികൂടിയുണ്ടാകുമെന്നാണ് സൂചന. മലപ്പുറത്ത് നിന്ന് പി.നന്ദകുമാർ മന്ത്രി ആയേക്കും. കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.
ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസ് ബിക്കുമായി രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വീതിച്ചുനൽകി. ആദ്യ ടേമിൽ ആന്റണി രാജുവും രണ്ടാം ടേമിൽ ഗണേഷ്കുമാറും മന്ത്രിയാകും. ലത്തീൻ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ആന്റണി രാജുവിന് ആദ്യം ടേം ലഭിക്കുന്നത്.
അഹമ്മദ് ദേവർകോവിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും. ഇതിൽ ആദ്യ ടേം അഹമ്മദ് ദേവർകോവിലിനാകും ലഭിക്കുക. ദശാബ്ദങ്ങളായി ഇടതു മുന്നണിയുമായി സഹകരിക്കുന്ന ഐ.എൻ.എല്ലിനും ഇതാദ്യമായി മന്ത്രിസ്ഥാനം ലഭിക്കുകയാണ് അഹമ്മദ് ദേവർകോവിലിലൂടെ.
സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐയിൽ നിന്നാകും. കേരള കോൺഗ്രസ് ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. പാർട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം എൻ. ജയരാജിനായിരിക്കും.
ജെ.ഡി.എസ്സിനും എൻ.സി.പിക്കും ഓരോ മന്ത്രിമാരുണ്ടാകും.
Tags :- Pinarayi Vijayan Ministry

