വനിതാ സ്പീക്കർ: ചരിത്രം കുറിക്കുമൊയെന്ന് ഇന്നറിയാം

തിരുവനന്തപുരം:പിണറായി വിജയനു കീഴിൽ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരണ നടപടിയിലേക്ക് സി.പി.എം. കടന്നു. ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സർക്കാരിലുണ്ടാകുമോയെന്നതും ചൊവ്വാഴ്ച അറിയാം. മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് ആറന്മുളയിൽനിന്നുള്ള ജനപ്രതിനിധിയാണ്. പത്തനംതിട്ട ജില്ല പൂർണമായി ഇടതുപക്ഷത്തിനൊപ്പംനിന്നപ്പോൾ, വീണയ്ക്ക് സ്പീക്കർ പദവിയില്ലെങ്കിൽ മന്ത്രിസ്ഥാനവും പരിഗണിച്ചേക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതുടങ്ങിയ സഭാ ടി.വി. കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യംകൂടി വീണയെ സ്പീക്കറാക്കുന്നതിലുണ്ട്.
ശൈലജയ്ക്ക് പുറമേ, കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അഞ്ചുപേർ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ടി.പി. രാമകൃഷ്ണൻ, എം.എം. മണി, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ എന്നിവരാണിത്. ഇവരിൽ ആർക്കെങ്കിലും രണ്ടാംതവണ നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക. ചൊവ്വാഴ്ച രാവിലെ സി.പി.എം. സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് സംസ്ഥാനസമിതിയും ചേരും.


