ചട്ടഞ്ചാലിലെ ഓക്സിജൻ പ്ലാന്റ് ചെലവ് 2.84 കോടി; ജൂലൈയിൽ കമ്മിഷൻ ചെയ്യും

പൊയിനാച്ചി ∙ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ ചെലവ് 2.94 കോടി രൂപ. ജൂലൈയിൽ കമ്മിഷൻ ചെയ്യാനാകുമെന്ന തരത്തിൽ പ്രവർത്തനമാണ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്താടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി ടെൻഡർ പരസ്യം പത്രങ്ങളിൽ നൽകി.
ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 10 ഏക്കർ സ്ഥലത്ത് 50 സെന്റ് 2500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിലാണു പ്ലാന്റിന്റെ പ്രവർത്തനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം പ്ലാന്റുകൾ നിർമിക്കുന്നതിനായി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു പ്രത്യേക അനുമതി നൽകിയിരുന്നു.
കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് 5 ദിവസത്തിനുള്ളിൽ തയാറാക്കി സമർപ്പിക്കാൻ ഓക്സിജൻ ലഭ്യതയുടെ അവലോകനത്തിനായി കലക്ടർ ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ജില്ലയിലെ 38 പഞ്ചായത്തുകൾ 4 ലക്ഷം രൂപവീതം നൽകി 1.52 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ചേർന്നു 45 ലക്ഷവും ബാക്കി തുക ജില്ലാ പഞ്ചായത്തുമാണ് വകയിരുത്തിയിട്ടുള്ളത്.
നടപ്പു സാമ്പത്തിക വർഷത്തിൽ തയാറാക്കുന്ന പദ്ധതികളിൽ ഇതിനുള്ള തുക വകയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ടെൻഡർ സമർപ്പിക്കുന്നതിനുള്ള സമയപരിധി 27 വരെയാണ്. 31നു ടെൻഡർ തുറക്കും. ഒരാഴ്ച്ചക്കുള്ളിൽ ടെൻഡർ ഏറ്റെടുക്കുന്ന സ്ഥാപനവുമായി കരാറിലേർപ്പെടുകയും ജൂലൈ 15നുള്ളിൽ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നു അധികൃതർ പറഞ്ഞു.
1400 മെട്രിക് ക്യൂബ് ലിക്വിഡ് ഓക്സിജൻ ഉൽപാദിപ്പിക്കാം
200 വരെ ഡി ടൈപ്പ് സിലിണ്ടർ ദിവസവും നിറയ്ക്കാൻ പറ്റുന്ന തരത്തിലുള്ള പ്ലാന്റാണ് ഒരുക്കുന്നത്. ഓരോ സിലിണ്ടറിലും 7 മെട്രിക് ക്യൂബ് ലിക്വിഡ് ഓക്സിജൻ എന്ന കണക്കിൽ ദിവസവും1400 മെട്രിക് ക്യൂബ് ലിക്വിഡ് ഓക്സിജൻ മൊത്തം ഉൽപാദിപ്പിക്കും. കെട്ടിടം നിർമിക്കുന്നതിനും പ്ലാന്റിനും മറ്റുമായി 2 കോടിയോളം രൂപയും ബാക്കി തുക ഒരു വർഷത്തെ പ്രവർത്തനത്തിനുമാണ് വിനിയോഗിക്കുക. മുപ്പതോളം പേർക്ക് ജോലി സാധ്യതയും ഉണ്ട്.
സ്വകാര്യ മേഖലയിൽ പ്ലാന്റ് തുടങ്ങാം
ജില്ലയിൽ സ്വകാര്യ മേഖലയിൽ ഓക്സിജൻ പ്ലാന്റ് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കലക്ടർ ഡി.സജിത്ത്ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവരെ അവലോകന യോഗം ചുമതലപ്പെടുത്തി. 8 മെട്രിക് ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന പ്ലാന്റാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പ്ലാന്റിനുള്ള സ്ഥലം വിട്ടു നൽകുന്നതോടൊപ്പം പ്ലാന്റ് തുടങ്ങുന്നതിനുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ കൊടുക്കുകയും ഓക്സിജനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തും.


