ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ മുങ്ങിയ ബാര്‍ജിലെ 22 പേര്‍ മരിച്ചു, 51 പേരെ കാണാതായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിൽ അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്ന 22 പേർ മുങ്ങി മരിച്ചു. 51 പേരെ കാണാതായിട്ടുമുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ തൊഴിലാളികളാണിവർ. 261 പേരുമായി പോയ ബാർജ് ആണ് മുങ്ങിയത്. ബാർജിൽ കുടുങ്ങിയ 188 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാവികസേനയുടെ തിരച്ചിലിൽ 22 പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭീമൻ ചങ്ങാടങ്ങളെന്ന് വിളിക്കുന്ന ബാർജിൽ നിന്ന് രക്ഷപ്പെടുത്തിയ 188 തൊഴിലാളികളുമായി ഐഎൻഎസ് കൊച്ചി കപ്പൽ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘ഭയനാകരമായ അവസ്ഥയായിരുന്നു. ഞങ്ങൾ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലിൽ നീന്തി. ഒടുവിൽ നാവികസേന രക്ഷപ്പെടുത്തി’ രക്ഷപ്പെട്ടെത്തിയ 19-കാരനായ മനോജ് ഗൈറ്റ് എന്നയാൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി മുംബൈയ്ക്കടുത്ത് കടലിൽ നങ്കൂരമിട്ടുകിടന്ന ബാർജുകൾ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്. ഇതിൽ പി-305 ബാർജ് ബോംബൈ ഹൈയിൽ മുങ്ങിപ്പോയി. ഗാൽ കൺസ്ട്രക്ടർ എന്ന ബാർജ് കാറ്റിൽപ്പെട്ട് മണ്ണിലുറച്ചു. മറ്റൊരു ബാർജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ഗാൽ കൺസ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു.
ബാർജിലുണ്ടായിരുന്ന പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജെയ്സണി (26)നെയും കാണാതായിട്ടുണ്ട്.

