നേതൃമാറ്റം എന്ന അജണ്ട; ബി.ജെ.പി.യില് ഒളിയുദ്ധം തുടരുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ബി.ജെ.പി.യിലെ ഗ്രൂപ്പ് വഴക്കുകൾ നേതൃത്വത്തിന് എതിരായ ഒളിയുദ്ധമായി മാറുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും എതിരായുള്ള ഈ നീക്കങ്ങളെല്ലാം നേതൃമാറ്റം എന്ന അജണ്ടയിൽ ഊന്നിയാണ്. ദേശീയനേതൃത്വത്തിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നതിനൊപ്പം തന്നെ ആർ.എസ്.എസിന്റെ പിന്തുണ നേടാനുമാണ് വിരുദ്ധ ഗ്രൂപ്പുകളുടെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ ഔദ്യോഗിക പക്ഷവും സക്രിയമായുണ്ട് .
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പു കമ്മിറ്റിയില്ലാതെയായാണ് ബി.ജെ.പി നേരിട്ടതെന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയും ഫിനാൻസ് കമ്മിറ്റി രൂപവത്കരിക്കാതെയുമാണിറങ്ങിയതെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. 140 നിയോജകമണ്ഡലങ്ങളിൽനിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാർഥിനിർണയത്തിനായി തയ്യാറാക്കിയത്. ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാർക്കും ഇഷ്ടക്കാർക്കും സ്ഥാനാർഥിത്വം വീതിച്ചു നൽകുകയാണുണ്ടായതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര നേതൃത്വത്തിൽനിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും വലിയ വിവേചനം കാണിച്ചെന്നാണ് മറ്റൊരു പരാതി.
വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവൻ സമയ പ്രവർത്തകരെയും നൽകി കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങളുടെ നിർദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം. ഒരു മണ്ഡലത്തിലേക്കും പുറത്തുനിന്നു പ്രവർത്തകരെ കൊണ്ടുവരരുതെന്ന് തീരുമാനമെടുത്ത നേതൃത്വം വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളിൽനിന്ന് നേതാക്കളെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ടുപോയത് ചിലരെ കരുതിക്കൂട്ടി തോൽപ്പിക്കാൻ നടത്തിയ ശ്രമമാണെന്നും ആരോപണം ഉയരുന്നു.
പരാജയത്തിന്റെ പേരിൽ കോൺഗ്രസ് നേതൃമാറ്റത്തിലേക്ക് കടന്നതോടെ തങ്ങളുടെ ആവശ്യത്തിന് കുറെക്കൂടി പിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് ഈ വിഭാഗം.

