കോവിഡ് മൂലം മരിക്കുമെന്ന ഭയം മുന്കൂര് ജാമ്യം അനുവദിക്കാനുള്ള കാരണമല്ല- സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് ബാധിക്കുമെന്ന ഭയത്തിന്റെ പേരിൽ ആർക്കും മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് യുപി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.
കോവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയം മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കാരണമാകുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതീക് ജയിൻ എന്ന 130 ഓളം തട്ടിപ്പു കേസുളിലെ പ്രതിയായ വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരായ ഹർജിയിലാണ് കോടതിയിൽ വാദം നടന്നത്.
കോവിഡ് കേസുകൾ വർധിച്ചുവരികയും ജയിലുകൾ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ ജീവൻ അപകടത്തിലാണെന്നും ഈ സാഹചര്യത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മഹാമാരിയുടെ കാലത്ത് അവരെ ജയിലിൽ പാർപ്പിക്കുന്നത് മരണത്തിനു തന്നെ കാരണമാകാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ഇന്ത്യയിൽ ജയിലുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണുള്ളതെന്നും ജയിൽപ്പുള്ളികളുടെയും പോലീസുകാരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതിയുടെ മുൻ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹൈക്കോടതി വിധി ചോദ്യംചെയ്താണ് യുപി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡിന്റെ പേരിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികൾ വിധി ആവർത്തിക്കുമെന്നും യുപി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ഈ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരോ കേസിന്റും സവിശേഷതകൾ മുൻനിർത്തിയാണ്. അതുകൊണ്ടുതന്നെ അലഹബാദ് ഹൈക്കോടതി വിധി മറ്റു കോടതികൾ പ്രമാണവിധിയായി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

