രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്തി; കസ്‌റ്റംസ് എത്തിയപ്പോഴേക്കും മാറ്റി

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ കസ്‌റ്റംസ് തെരയുന്ന അര്‍ജുന്‍ ആയങ്കിയുടെ ചുവന്ന സ്വിഫ്‌റ്റ് കാര്‍ അഴീക്കോട് പ്രവര്‍ത്തിക്കാതെ കിടക്കുന്ന കപ്പല്‍ പൊളിക്കല്‍ ശാലയില്‍ കണ്ടെത്തി. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ കസ്‌റ്റംസ് പാഞ്ഞെത്തിയപ്പോഴേക്കും കാര്‍ വീണ്ടും അപ്രത്യക്ഷമായി.
വാര്‍ത്ത വന്ന് അര മണിക്കൂറിനുള്ളില്‍ കസ്‌റ്റംസ് സ്‌ഥലത്തെത്തിയിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്തുകേസിലെ തൊണ്ടി കൂടിയായ ഈ കാര്‍ അര്‍ജുന്റെ ക്വട്ടേഷന്‍ ടീമംഗങ്ങള്‍ മാറ്റിയതാകാം എന്ന സാധ്യതയാണ് അന്വേഷണസംഘം പരിഗണിക്കുന്നത്. അര്‍ജുന്‍ ഒളിവിലാണ്. ഇയാളുടെ കൂട്ടാളിയായ പ്രണവ് ഉച്ചയ്‌ക്കു പന്ത്രണ്ടോടെ കാര്‍ ഓടിച്ചുപോകുന്നതു കണ്ടതായി സമീപവാസികള്‍ അറിയിച്ചിട്ടുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അഞ്ചംഗസംഘം അപകടത്തില്‍ പെടുമ്ബോള്‍ ഈ കാര്‍ സംഭവസ്‌ഥലത്തുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഈ കാര്‍ കണ്ണൂര്‍ ഭാഗത്തേക്കു പായുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.
കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്തില്‍ അര്‍ജുന്റെ വീട്ടില്‍ ഇന്നലെ കസ്‌റ്റംസ് പരിശോധന നടത്തിയിരുന്നു. സജീഷ് കൊയ്യോട് എന്നയാളാണു കാറിന്റെ ഉടമ. ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയെന്നും തിരിച്ചുതന്നില്ലെന്നും ഇയാള്‍ കണ്ണൂര്‍ ഡിവൈ.എസ്.പിക്കു പരാതി നല്‍കിയിട്ടുണ്ട്.
അര്‍ജുന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്‌റ്റംസ് പരിശോധന നടത്തിയിരുന്നു. കസ്‌റ്റംസ് എത്തുന്നതിനു തൊട്ടുമുമ്ബാണ് ഇയാള്‍ മുങ്ങിയതെന്നാണു വിവരം. രാമനാട്ടുകര സംഭവം നടന്ന ദിവസം പുലര്‍ച്ചയ്‌ക്കാണ് അര്‍ജുന്‍ വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ കസ്‌റ്റംസിനോടു പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ രാഷ്‌്രടീയ ആക്രമണത്തില്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ പിന്നീട് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതിയായ ഒരാള്‍ അര്‍ജുനൊപ്പമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കസ്‌റ്റംസിന്റെ പിടിയിലായ പെരിന്തല്‍മണ്ണ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്കാളിത്തം വ്യക്‌തമായത്.
തില്ലങ്കരിയേയും ആയങ്കിയെയും അറിയില്ല: എം.വി. ജയരാജന്‍
കണ്ണൂര്‍: ചില ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ സൈബര്‍ പോരാളികളെ പോലെ പെരുമാറുന്നെന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയേയും സ്വര്‍ണക്കടത്തുകേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയേയും അറിയില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സി.പി.എം. എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തേയും ഏല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടിയെ ആര്‍ക്കും ദുരുപയോഗം ചെയ്ാന്‍ കഴിയയില്ല. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസില്‍ കസ്‌റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു വിശദീകരണവുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തുന്നത്. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നു.അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവയ്‌ക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്.
അര്‍ജുന്‍ സി.പി.എം. സ്വാധീന കേന്ദ്രങ്ങളിലെന്നു സംശയം
കല്‍പ്പറ്റ: രാമനാട്ടുകരയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബുദ്ധികേന്ദ്രമെന്നു കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം. ബന്ധം വ്യക്‌തമായ സാഹചര്യത്തില്‍ ഇയാള്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിലെവിടെയോ ആണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു. എടയന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ള അര്‍ജുന്‍ ആയങ്കിക്ക് ആകാശിന്റെ സുഹൃദ്‌ബന്ധങ്ങളാണ് ഒളിയിടം ഒരുക്കിയതെന്നാണു കരുതുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് സംഭവവുമായി പങ്കുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. 2016 ജൂലൈയില്‍ നല്ലളം മോഡേണ്‍ ബസാറില്‍ മൂന്നു കിലോഗ്രം സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നില്‍ കൊടി സുനിയായിരുന്നു. ഇതിന് സമാനമാണ് രാമനാട്ടുകര അപകടത്തില്‍ തെളിയുന്ന സ്വര്‍ണക്കടത്ത്.
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുമ്ബോള്‍ സ്വര്‍ണക്കടത്തുകാരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. ഇതില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്‌ജിത്തും കൂട്ടാളികളും അറസ്‌റ്റിലായിരുന്നു. കൊടി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്‌തെങ്കിലും പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ, അര്‍ജുന്‍ ആയങ്കിയുടെയും സുഹൃത്ത് ആകാശ് തില്ലങ്കേരിയുടെയും പാര്‍ട്ടി ബന്ധം തള്ളി സി.പി.എം. രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കെതിരേയും പ്രാദേശികമായി പ്രചാരണം നടത്താനാണു തീരുമാനം. സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജന്‍ വ്യക്‌തമാക്കി.
No. 1 & മലയാളികള്‍ക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയല്‍ സേവനം – രജിസ്ട്രേഷന്‍ സൗജന്യം!

