KSDLIVENEWS

Real news for everyone

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്, അമിത് ഷാ ഇടപെട്ടു

SHARE THIS ON

ദിസ്പുർ: സംഘർഷം നിലനിൽക്കുന്ന അസം-മിസോറം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്. അതിർത്തിയിൽ വെടിവെപ്പുണ്ടായതായും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും വിവരമുണ്ട്. അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അസമിലെ ചാച്ചാർ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിർത്തിപങ്കുവെക്കുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. അതിർത്തികടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്കു നേരെ മിസോറം അക്രമണകാരികളിൽനിന്ന് കല്ലേറുണ്ടായതായി അസം പോലീസ് ആരോപിച്ചു. സംഭവത്തിൽ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. മിസോറമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറിൽ വെച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്തതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഘർഷത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങൾ അക്രമം തുടരുമ്പോഴും ഞങ്ങൾ സ്ഥാപിച്ച പോലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വീറ്റിൽ ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ആവശ്യത്തിനു പിന്നാലെയാണ് അമിത് ഷാ ഇരുവരുമായും ബന്ധപ്പെട്ടത്. അതിർത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ അദ്ദേഹം മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് വർഷങ്ങളായി അതിർത്തി തർക്കവും അതിന്റെ ഭാഗമായുള്ള സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. അതിർത്തി കടന്നുള്ള കൈയ്യേറ്റം നടക്കുന്നതായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!