നിരോധിത ലഹരി മരുന്നുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ

തൃക്കരിപ്പൂർ ∙ നിരോധിത ലഹരി മരുന്നുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എ.സി.അബ്ദുൽ ഖാദർ(28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ.ഷംസീർ(40) എന്നിവരെയാണു ചന്തേര എസ്ഐ എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു നിരോധിത ലഹരി മരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഓടിച്ച ബൈക്കും പിടിച്ചെടുത്തു.
പയ്യങ്കിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. കാസർകോട്ടു നിന്നു ലഹരിമരുന്നു കൊണ്ടു വന്നു വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് പറഞ്ഞു. എഎസ്ഐ ടി.തമ്പാൻ, ഗ്രേഡ് എസ്ഐ പി.ഉദയഭാനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രമേശൻ, സുരേഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇരുവരെയും കോടതിയിൽ ഹാജരാക്കി. സമീപകാലത്തു ജില്ലയുടെ തെക്കൻ മേഖലയിൽ നിരോധിത ലഹരി മരുന്നു വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്നു പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളെ കരിയർമാരാക്കി കഞ്ചാവ് വിൽപന നടത്തുന്ന സംഘം ഈ മേഖലയിൽ തഴച്ചു വളരുന്നതായി വ്യാപക പരാതിയുണ്ട്

