ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും; കട്ടപ്പുറത്താകുമെന്ന ആശങ്കയില്‍ രണ്ടായിരത്തോളം കെ.എസ്.ആര്.ടി.സി ബസുകള്‍

കെ.എസ്.ആര്.ടി.സി. ബസുകള്‍ വീണ്ടും കട്ടപ്പുറത്താകുമെന്ന് ആശങ്ക.1650 കെ.എസ്.ആര്.ടി.സി ബസുകളുടെ ഫിറ്റ്നസാണ് ഈ മാസം 30ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു. ഇതിനു പുറമെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോര്‍പ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
5000 സര്‍വീസുകള്‍ നടത്തിയ ഇടത്ത് വെറും 3200 സര്‍വീസുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ഇതില്‍ പകുതി ബസുകള്‍ കട്ടപ്പുറത്ത് കയറിയാല്‍ കെ.എസ്.ആര്.ടി.സിയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകും. ഡിസംബര്‍ 31 വരെ ഫിറ്റ്നസ് നീട്ടണമെന്നാണ് കെ എസ് ആര് ടി സിയുടെ ആവശ്യം. സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കുകയാണ്. ഒന്നുകില്‍ ഫിറ്റ്നസ് കാലാവധി നീട്ടി നല്‍കുക, അല്ലെങ്കില്‍ ജിപിഎസ് ഘടിപ്പിക്കുന്നതുവരെ സാവകാശം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

